തിരുവനന്തപുരം: നിയമസഭയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം. മലയാളം സര്‍വ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ വൻ അഴിമതി എന്ന് സി മമ്മൂട്ടി ആരോപിച്ചു. 3000 രൂപ മതിപ്പ് വിലയുള്ള ഭൂമി 1.60 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നുവെന്നാണ് സി മമ്മൂട്ടിയുടെ ആരോപണം. സംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് സി മമ്മൂട്ടി ആവശ്യപ്പെട്ടു. ഭൂമി വിൽക്കുന്നത് തിരൂരിൽ മത്സരിച്ച ഇടതു സ്ഥാനാർഥി ഗഫൂറാണെന്നാണ് മമ്മൂട്ടിയുടെ ആരോപണം. 

ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് ആരോപണം ഉന്നയിച്ചത്.  ഒരു ഭരണപക്ഷ എംഎല്‍എയുടെ സഹോദര പുത്രന്മാരും  ഇടപെട്ടുവെന്നും സി മമ്മൂട്ടി ആരോപിക്കുന്നു. നേരത്തെ മലയാളം സർവകലാശാലക്ക് സ്ഥലം ഏറ്റെടുക്കുന്നതിൽ വൻ അഴിമതി ഉണ്ടെന്നും മന്ത്രി കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഭൂമി വാങ്ങാൻ തീരുമാനിച്ചത് യു ഡി എഫ്‌ സർക്കാർ കാലത്താണെന്നും ഈ സർക്കാർ വില കുറയ്ക്കുക ആണ് ചെയ്തതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന് ജലീൽ മറുപടി നൽകിയത്. 

കുറഞ്ഞ വിപണി വിലയുള്ള ഭൂമി വൻ തുക ഉന്നയിച്ചു ഏറ്റെടുക്കുന്നതിൽ ആയിരുന്നു സി മമ്മൂട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസ്. പക്ഷെ ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ചു ഇറങ്ങിപ്പോയ പ്രതിപക്ഷം മന്ത്രി ജലീലിനെതിരെ രംഗത്തെത്തിയിരുന്നു. മലയാളം സർവകലാശാലക്ക് തിരൂർ വെട്ടത്തു ചതുപ്പു നിലവും കണ്ടൽ കാടും ഏറ്റെടുക്കുന്നതിലെ തട്ടിപ്പ് പുറത്തു കൊണ്ട് വന്നത് ഏഷ്യാനെറ് ന്യൂസ് ആയിരുന്നു.