ശശീന്ദ്രനെ കേൾക്കട്ടെയെന്ന് പവാർ, അന്ത്യശാസനം നൽകി കാപ്പൻ; മുന്നണി മാറ്റത്തിൽ എൻസിപിയിൽ വീണ്ടും ആശയക്കുഴപ്പം

By Web TeamFirst Published Feb 12, 2021, 11:34 AM IST
Highlights

മന്ത്രി എകെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടിലാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ. പവാറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ കൂടി ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിക്കും.

ദില്ലി: പാലാ സീറ്റിൽ ആരംഭിച്ച തർക്കം എൻസിപി മുന്നണി മാറ്റത്തിൽ എത്തി നിൽക്കവേ ദേശീയ നേതൃത്വത്തിന് വീണ്ടും ആശയക്കുഴപ്പം. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷൻ  ടിപി പീതാംബരൻ മാസ്റ്റർ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എകെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടിലാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ. പവാറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ കൂടി ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിക്കും.

പാലാ സീറ്റിൽ മാത്രമേ തർക്കമുള്ളൂ എന്നും ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ഇടതോട് ചേർന്നു നിൽക്കുന്ന ശശീന്ദ്രൻ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരളത്തിലെ പാർട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടെന്ന നിലപാടിലാണെന്നും തുടർഭരണ സാധ്യതയടക്കം ഇത്തവണ നിലനിൽക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രൻ വാദിക്കുന്നത്. ആ സാഹചര്യത്തിൽ ഒരു സീറ്റിന്റെ പേരിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞുവെക്കുന്നു. മുന്നണി മാറ്റത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ശശീന്ദ്രന്റെ വാക്കുകൾ കൂടി മുഖവിലയ്ക്കെടുത്താകാം ദേശീയ നേതൃത്വം പിന്നോട്ട് പോയതെന്നത് ശ്രദ്ധേയമാണ്. 

എന്നാൽ അതേ സമയം ഞായറാഴ്ചക്കുള്ളിൽ തന്നെ മുന്നണി മാറ്റത്തിൽ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ അന്ത്യശാസന. കാപ്പനുമായി പ്രത്യേകം ചർച്ച നടത്തണമെന്ന് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാപ്പനെ അനുനയിപ്പിച്ച് മുന്നണിയിൽ തുടരുകയെന്നതിലേക്കാണ് ദേശീയ നേതൃത്വം ചുവട് മാറ്റുന്നത്. ഇക്കാര്യത്തിൽ കാപ്പൻ വഴങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. പാലാ വിടില്ലെന്ന് കാപ്പൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ മുന്നണി മാറ്റത്തിൽ നിന്നും ദേശീയ നേതൃത്വം പിന്നോട്ട് പോയാൽ കാപ്പൻ മാത്രം വലത്തേക്ക് ചുവട് മാറും.  

സിറ്റിംഗ് സീറ്റായ പാലാ എന്‍സിപിക്ക് നൽകില്ലെന്ന സൂചന മൂഖ്യമന്ത്രി നൽകിയതോടെയാണ് മുന്നണിമാറ്റം വീണ്ടും സജീവ ചർച്ചയായത്. കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞു. എൻസിപി നിർണായക തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാലും സന്തോഷമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചത്. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്നും മുല്ലപ്പളളി പറഞ്ഞുവച്ചു.

 

click me!