
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി. സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
അപകടത്തിന് മുൻപ് സുഹൈൽ സജീവ് മൂന്ന് ബാറുകളിൽനിന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതൽ മൂന്ന് ബാറുകളിൽനിന്നാണ് പ്രതി മദ്യപിച്ചിരുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതിന്റെ തെളിവുകൾ ലഭിച്ചത്. എല്ലാ ബാറുകളിൽനിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈൽഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.
സുഹൈൽ സജീവ് അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം.
അപകടസ്ഥലത്ത് ഓടിക്കൂടിയവരോട് തട്ടിക്കയറിയ മിനികൂപ്പര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. അമിത വേഗം പതിവാക്കിയ പ്രതി 215 കിലോമീറ്റര്‍ വേഗതിയില്‍ കാറോടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്‍റെയും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര
സ്ഥാപനമായ ഇഹ ഡിസൈന്‍സിന്‍റെ ഉടമ നൂഹ സജീവിന്‍റെയും മകനാണ് സുഹൈൽ സജീവ്. കൊച്ചിയിലെ സ്വകാര്യകോളേജിൽ ബികോം വിദ്യാർഥിയാണ്.
വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചവർ. എറണാകുളത്ത് ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കിയ മൂവരും തൃക്കാക്കരയിലെ കരകൗശല സ്ഥാപനത്തിൽ പാർട്ട്ടൈം ജോലിചെയ്തുവരികയായിരുന്നു.
അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരോട് സുഹൈൽ സജീവ് തട്ടിക്കയറിയിരുന്നു. വാഹനത്തിൽനിന്ന് സുഹൈലിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഡോർ വലിച്ചുതുറക്കാൻ ശ്രമിച്ച നാട്ടുകാരോട് ഡോറിന്റെ സെൻസർ കേടാകുമെന്ന് പറഞ്ഞ് പ്രതി തർക്കിച്ചു. ഇതിനുപിന്നാലെയാണ് കേസും കാര്യവുമെല്ലാം തന്റെ വാപ്പ നോക്കിക്കോളുമെന്ന് ആക്രോശിച്ചത്. സംഭവത്തിൽ സുഹൈലിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam