
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന് ഇന്ന് മുതൽ പുതിയ മുഖം. കെ പി സി സി പ്രസിഡന്‍റായി സണ്ണി ജോസഫ് എം എൽ എ ഇന്ന് ചുമതലയേൽക്കും. വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുക. കെ പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ പി സി സി പ്രസിഡന്‍റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്‍റണിയെ നിയുക്ത ഭാരവാഹികൾ സന്ദര്‍ശിക്കും.
പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലും ഉമ്മൻചാണ്ടിയുടെ കല്ലറയിലും നേതാക്കൾ ഞായറാഴ്ച എത്തിയിരുന്നു. അധ്യക്ഷ പദവിയിലെത്തുന്ന സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്‍റുമാരുമാണ് കെ കരുണാകരന്‍റെ സ്മൃതി മണ്ഡപവും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ചത്. സണ്ണി ജോസഫിനൊപ്പം വര്‍ക്കിങ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാര്‍ എന്നിവരാണ് കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തിയത്. പുതിയ നേതൃ നിര പാര്‍ട്ടിയെ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിക്കുമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. പുതിയ ടീം വന്നതിന്‍റെ ആവേശം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നിച്ച് ചുമതലയേൽക്കുന്നത്.
ഇതിനിടെ കെ മുരളീധരനെതിരെ ഒളിയമ്പ് എയ്തും വെള്ളാപ്പള്ളിയെ വിമര്‍ശിച്ചും കെ പി സി സി പ്രഡിഡന്‍റ് സ്ഥാനത്തേയ്ക്ക് പാര്‍ട്ടി പരിഗണിച്ചിരുന്ന ആന്‍റോ ആന്‍റണി ഫേസ്ബുക്ക് കുറിപ്പിട്ടത് ശ്രദ്ധേയമായി. ആന്‍റോ ആന്‍റണിയുടെ പേര് അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും പാര്‍ട്ടിക്ക് അകത്തും പുറത്തും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവര്‍ക്കെതിരെയാണ് ആന്‍റോയുടെ ഫേസ്ബുക്ക് വിമർശനം. വെള്ളാപ്പള്ളി സി പി എമ്മിന്‍റെയും ബി ജെ പിയുടെയും താല്‍പര്യ സംരക്ഷകനെന്നാണ് വിമര്‍ശനം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ഉപജാകസംഘമെന്ന് പറയുന്ന ആന്‍റോയുടെ ഉന്നം, തനിക്കെതിരെ നിന്ന പാര്‍ട്ടി നേതാക്കള്‍ തന്നെ. അര്‍ഹതയില്ലാതെ ഉന്നത പദവികളിൽ എത്തിയവര്‍, അധികാരത്തിന്‍റെ ആര്‍ത്തി മൂത്ത് പാര്‍ട്ടിയെ പിളര്‍ത്തിയവര്‍ എന്നീ പരാമര്‍സങ്ങളും ആന്‍റോ ഉയർത്തി. ഇത് കെ മുരളീധരനെതിരായ ഒളിയമ്പായി കരുതുന്നവരുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam