കർദിനാൾ ആലഞ്ചേരിക്കെതിരെ പുതിയ നീക്കം; വിശ്വാസികളെ സംഘടിപ്പിച്ച് വിമതർ

By Web TeamFirst Published Jul 7, 2019, 6:47 PM IST
Highlights

വൈദികരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കൊച്ചിയിൽ യോഗം ചേർന്ന വിശ്വാസിക്കൂട്ടായ്മ ആരോപിച്ചു. 331 ഇടവകകളിലെ വിശ്വാസികളാണ് കൂട്ടായ്മയുടെ യോഗത്തിൽ പങ്കെടുത്തത്. 

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളെ രംഗത്തിറക്കി വിമതവിഭാഗത്തിന്‍റെ പുതിയ നീക്കം. കർദിനാളിനെതിരെ പ്രതിഷേധവുമായി ഈ മാസം വിപുലമായ അൽമായ കൂട്ടായ്മ സംഘടിപ്പിക്കാൻ കൊച്ചിയിൽ ചേർന്ന പാസ്റ്ററൽ കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ നിലവിലെ പ്രശ്നങ്ങൾ വരുന്ന സിനഡിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് മുൻ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് പറയുന്നത്.

ഇതിനിടെ കൊച്ചിയിൽ വിശ്വാസികളുടെ കൂട്ടായ്മ യോഗം ചേർന്നു. സഭയുടെ നടപടികളിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് വിശ്വാസിക്കൂട്ടായ്മ പറയുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിടപാട് നടത്തിയതിൽ അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്തണം. ഭൂമിയിടപാടിൽ സഭ നടത്തിയ അന്വേഷണറിപ്പോർട്ട് പുറത്തു വിടണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു. വൈദികരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ കടുത്ത പ്രതിഷേധമുണ്ടാകുമെന്നും വിശ്വാസികൾ പറയുന്നു. 

സഹായ മെത്രാൻ സ്ഥാനത്ത് നിന്ന് മാറ്റിയ ബിഷപ്പുമാരെ തിരിച്ചെടുക്കണം. എറണാകുളം - അങ്കമാലി രൂപതയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വിശ്വാസികൾ യോഗശേഷം ആവശ്യപ്പെട്ടു. വിവിധ ഇടവകകളിൽ നിന്നായി എഴുന്നൂറോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.എന്നാൽ വൈദികരാരും യോഗത്തിൽ പങ്കെടുത്തില്ല.

മാർ ജോർജ് ആല‌ഞ്ചേരിക്ക് സിറോ മലബാർ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ ചുമതല വത്തിക്കാൻ വീണ്ടും നൽകിയ പശ്ചാത്തലത്തിലാണ് വിമതവിഭാഗത്തിന്‍റെ നീക്കം. അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും പരമാവധി വിശ്വാസികളെ സംഘടിപ്പിച്ച് രണ്ടാഴ്ചക്കുളളിൽ കൊച്ചിയിൽ അൽമായ സംഗമം സംഘടിപ്പിക്കും. കർദിനാളിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും പുറത്താക്കപ്പെട്ട സഹായ മെത്രാൻമാരെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെടും.

ഇതിനിടെ, കർദിനാളിനെതിരെ പരസ്യ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇന്ത്യൻ കാത്തലിക് ഫോറം സഭാധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. കർദിനാൾ വിരുദ്ധ നിലപാടെടുക്കുന്ന വൈദികരടക്കമുളളവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കത്ത്. 

click me!