സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലങ്കിൽ മാത്രം സ്വകാര്യ ആശുപത്രിയെ സമീപിക്കണം.
തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനുളളിൽ വൈദ്യ പരിശോധന നടത്തണമെന്നാണ് പുതിയ പ്രോട്ടോക്കോൾ. സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലങ്കിൽ മാത്രം സ്വകാര്യ ആശുപത്രിയെ സമീപിക്കണം. കസ്റ്റഡി സമയത്ത് പരിക്കുകൾ ഉണ്ടങ്കിൽ അതേ കുറിച്ച് പ്രതിയിൽ നിന്നും വിവരം ശേഖരിച്ച് രേഖപ്പെടുത്തണം. സമഗ്രമായ ശരീര പരിശോധന നടത്തണം. സ്ത്രീകളായ പ്രതികളെ വനിതാ ഡോക്ടർമാർ തന്നെ പരിശോധിക്കണം. നിലവിൽ ഏതെങ്കിലും രോഗത്തിന് ചികിത്സയിലാണോയെന്ന് പ്രത്യേകം മനസിലാക്കണം. പീഡന മുറിവുകൾ ഉണ്ടങ്കിൽ അതും പ്രത്യേകം രേഖപ്പെടുത്തണമെന്നും പുതിയ പ്രോട്ടോക്കോളിലുണ്ട്.
പട്ടികജാതി - പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 12 തസ്തികകള്‍ വീതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം കോടതികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ചിലെ ലീഗല്‍ അഡ്‌വൈസര്‍ തസ്തികകളിലെ നിയമന രീതിയില്‍ മാറ്റം വരുത്തുന്നതിന് അനുമതി നല്‍കി.
കണ്ണൂര്‍ പെരിങ്ങോം ഗവണ്‍മെന്റ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പയ്യന്നൂര്‍ താലൂക്കില്‍ പെരിങ്ങോം വില്ലേജിലെ 1.6410 ഹെക്ടര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു
മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌ക്കരണ പ്രകാരം പുതിയ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കും.
സി-ആപ്റ്റില്‍ 10-ാം ശമ്പളപരിഷ്‌ക്കരണാനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.
കേരള കാഷ്യൂ ബോര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറായി എ. അലക്‌സാണ്ടര്‍ ഐ എ എസ്സിനെ (റിട്ട.) മൂന്നു വര്‍ഷത്തേക്ക് നിയമിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam