
മേപ്പാടി: ചൂരല്‍മല റോഡ് കടന്നുപോകുന്ന താഞ്ഞിലോട് പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യത്തില്‍ പരിഹാരം കാണാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ താഞ്ഞിലോട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. രാവിലെ എഴരയോടെയാണ് സമരം തുടങ്ങിയത്. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് സമരക്കാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. വീണ്ടും സമരക്കാര്‍ ഒത്തുകൂടിയെങ്കിലും നേതൃത്വം നല്‍കിയവരെ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റോഡിന് കുറുകെ ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടി അതിന് കീഴിലായിരുന്നു സ്ത്രീകളടക്കമുള്ള സമരക്കാര്‍ ഉണ്ടായിരുന്നത്. ടാര്‍പായ വലിച്ചു നീക്കിയതിന് ശേഷമായിരുന്നു പോലീസിന്റെ ലാത്തിച്ചാര്‍ജ്ജ്.
മണിക്കൂറുകളോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് എത്തിയ സൗത്ത് വയനാട് ഡിഎഫ്ഒ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാനായില്ല. മുമ്പും സമാനരീതിയിലുള്ള സമരം നാട്ടുകാര്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. താഞ്ഞിലോട് പ്രദേശത്ത് നിരന്തരം ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെത്തി ജനജീവിതം ദുരിതത്തിലായതോടെയാണ് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഇന്നലെ രാത്രിയിലും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. കാട്ടാനകളെ പേടിച്ച് നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ദിവസങ്ങളിലും കാട്ടനകള്‍ റോഡിലെത്തും. ഇന്നലെ രാത്രി എട്ട് മണിക്ക് ആനയിറങ്ങിയത് കാരണം പുറത്ത് ജോലിക്ക് പോയവര്‍ പലരും മണിക്കൂറുകള്‍ വൈകി രാത്രി പത്ത് മണിക്കും 11 മണിക്കുമൊക്കെയാണ് വീട്ടിലേക്കെത്തിയത്. ജനങ്ങളുടെ ജീവിതത്തിന് ശല്യമുണ്ടാക്കാത്ത തരത്തില്‍ ആനകളെ പ്രദേശത്ത് നിന്ന് തുരത്തണമെന്നാണ് ആവശ്യം.
അതേ സമയം താഞ്ഞിലോട് പ്രദേശത്ത് വന്യമൃഗശല്യത്തിനെതിരെ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് സൗത്ത് വയനാട് ഡിവിഷന്‍ ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. മേപ്പാടി റേഞ്ച് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ളതാണ് താഞ്ഞിലോട് പ്രദേശം. മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷന്‍, വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷന്‍, വനം റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരുടെ പ്രത്യേക സംഘം താഞ്ഞിലോട് തമ്പടിച്ച ഒറ്റക്കൊമ്പനെ തുരത്തി. വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള അമ്പലക്കുന്ന് പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളത്. ആനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടക്കുന്നുണ്ട്. ഇതിന് പുറമെ കുങ്കിയാനകളെയും ഒറ്റക്കൊമ്പനെ തുരത്താനായി എത്തിക്കും.