
കൊച്ചി: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. വോട്ടര്‍പ്പട്ടികാ ക്രമക്കേട്, കള്ളവോട്ടിന് സാധ്യത തുടങ്ങിയ ആരോപങ്ങൾ തൃക്കാക്കരയിൽ യുഡിഎഫ് ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടികളാണ് ജില്ലാഭരണകൂടം സ്വീകരിക്കുന്നതെന്നാണ് ജില്ലാ കളക്ടർ ജാഫർ മാലിക്ക് വിശദീകരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥർക്ക് ഇതിനായി നിർദേശങ്ങൾ നൽകിയതായും അദ്ദേഹം വിശദീകരിച്ചു. പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് മരിച്ചുപോയവരുടെ, സ്ഥലത്തില്ലാത്തവരുടെ, വിവരങ്ങടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ള സ്ഥലങ്ങളിൽ മുഴുവൻ സമയ മൈക്രോ ഒബ്സർവര്‍ ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃക്കാക്കരയില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം, പ്രതീക്ഷയോടെ മുന്നണികൾ
ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് തൃക്കാക്കരയിലെ ജനത നാളെ പോളിംഗ് ബൂത്തിലെത്തുന്നത്.കേരളക്കരയാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾ വലിയ പ്രതീക്ഷയിലാണ്. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡത്തിലുളളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്. മണ്ഡലത്തിൽ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് മണ്ഡലം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam