പി.സി.ജോര്‍ജിലാണ് ബിജെപി പ്രതീക്ഷ. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടി കണക്ക്

തൃക്കാക്കര : തൃക്കാക്കരയില്‍(thrikkakara) പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ വിജയം അവകാശപ്പെട്ട് യുഡിഎഫും(udf) എല്‍ഡിഎഫും(ldf). പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.

കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം കൂടി കണ്ടതോടെ തൃക്കാക്കരയില്‍ വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. അന്തിമ കണക്കെടുപ്പിനൊടുവില്‍ ഡിസിസി നേതൃത്വം കെപിസിസിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഉമയ്ക്ക് പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉറപ്പു പറയുന്നു. സ്ത്രീ വോട്ടര്‍മാരിലടക്കം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമയ്ക്ക് നേടാനായ സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചനയാണ് എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ ഉളളത്. അങ്ങിനെയങ്കില്‍ 2011ല്‍ ബെന്നി ബെഹനാന്‍ നേടിയ ഇരുപതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷവും ഉമ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു യുഡിഎഫ്.

അടിത്തട്ട് ഇളക്കി നടത്തിയ പ്രചാരണത്തിന്‍റെ സ്വാധീനം കലാശക്കൊട്ടിലും കണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പരിശോധിച്ച ശേഷമാണ് സിപിഎം തൃക്കാക്കരയില്‍ അട്ടിമറി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുന്നത്. ആദ്യ കണക്കില്‍ നാലായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നതെങ്കില്‍ അന്തിമ കണക്കില്‍ ആയിരം വോട്ടിന്‍റെ കൂടി മേധാവിത്വം അവകാശപ്പെടുന്നുണ്ട് സിപിഎം. ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്‍റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഎം വിലയിരുത്തുന്നു.

പി.സി.ജോര്‍ജിലാണ് ബിജെപി പ്രതീക്ഷ. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടി കണക്ക്. രാധാകൃഷ്ണന്‍റെ വോട്ട് ഇരുപതിനായിരം കടക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അത് മുപ്പതിനായിരം വരെ എത്തിയാലും അതിശയിക്കേണ്ടി വരില്ലെന്നും പറഞ്ഞു വയ്ക്കുന്നു.