കരിഞ്ഞു പോയ നാണ്യവിളകളെ നോക്കി നെഞ്ച് പൊട്ടി കർഷകർ; താങ്ങുവില പ്രഖ്യാപിക്കാതെ സർക്കാർ

By Web TeamFirst Published Mar 6, 2019, 11:33 AM IST
Highlights

നാണ്യവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാതെ സർക്കാർ. ദുരിതത്തിലായി കർഷകർ. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പര തുടരുന്നു. കുരുക്കിലാകുന്ന കർഷകർ..

ഇടുക്കി: പ്രളയത്തിന് പിറകെ ഇടുക്കിയിലെ കാർഷിക മേഖലയുടെ താളം തെറ്റിയതാണ് കർഷക ആത്മഹത്യകളുടെ ആക്കം കൂട്ടിയത്. ഹൈറേഞ്ചിന്‍റെ പ്രധാന നാണ്യവിളയായ കുരുമുളകാണ് വലിയ തകർച്ച നേരിടുന്നത്. വിലത്തകർച്ചയോടൊപ്പം വിളവ് കൂടി കുറഞ്ഞതോടെ കടം വീട്ടാൻ ഇനി എന്തെന്ന ഉത്തരമില്ലാത്ത ചോദ്യത്തിന് മുന്നിലാണ് കർഷകർ.

''വിലയുമില്ല, പിന്നെ ഒരു പത്ത് പതിനഞ്ച് കിലോ മുളക് കിട്ടണ്ടതായിരുന്നു ഇവിടന്ന്, ഇപ്പഴത്തെ വില വച്ച് നോക്കിയാൽ പോലും മൂന്ന് മൂന്നരലക്ഷം രൂപയുടെ ആദായം കിട്ടണ്ടതായിരുന്നു. അതെല്ലാം ഇല്ലാതായി.'' നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് റെജി കരിഞ്ഞുപോയ തന്‍റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് ബാങ്കിൽ നിന്ന് വായ്പയെടുത്ത രണ്ട് ലക്ഷം രൂപയും രാപ്പകലില്ലാത്ത അധ്വാനവുംകൊണ്ട് വളർത്തിയെടുത്തതാണ് ഒരേക്കർ തോട്ടത്തിലെ കുരുമുളക്. പ്രളയ ശേഷം ഇതാണ് കാഴ്ച.

കരിഞ്ഞുണങ്ങിയ കുരുമുളക് ചെടികൾ തൊട്ടാൽ പറിഞ്ഞു വീഴും. 6 വർഷം പഴക്കമുള്ള 450 കുരുമുളക് കൊടികളാണ് റെജിയ്ക്ക് നഷ്ടമായത്. മൂന്ന് പെൺകുട്ടികളടങ്ങുന്ന റെജിയുടെ കുടുംബത്തിന്‍റെ ഏക വരുമാനം ഈ കുരുമുളക് ചെടികളാണ്.

''മഴ കഴിഞ്ഞപ്പോ കാലാവസ്ഥാവ്യതിയാനം കാരണം കാര്യമായൊന്നും കിട്ടിയില്ല. ഇപ്പഴാകട്ടെ എല്ലാം നശിച്ചു. ആകെ കടക്കെണിയിൽ നിൽക്കുവാ'', റെജി പറയുന്നു.

പ്രളയത്തിന് മുൻപ് തുടങ്ങിയ അതിവർഷമാണ് കുരുമുളകിനെ തളർത്തിയത്. വേര് ചീഞ്ഞ് കൊടികൾ കരിഞ്ഞുപോയി. ഇടുക്കിയിൽ 2500 ഹെക്ടറിലേറെ തോട്ടങ്ങളിലാണ് കുരുമുളക് നശിച്ചത്. പ്രളയശേഷം മണ്ണിന്‍റെ ജൈവാംശം കൂടി നഷ്ടമായതോടെ ഇത്തവണ കായ്‍ഫലവും കുറഞ്ഞു. വിലയാകട്ടെ 700-ൽ നിന്ന് 320 രൂപയിലേക്ക് കൂപ്പ് കുത്തി. ഇതോടെ കുരുമുളക് കർഷകരുടെ തകർച്ച പൂർത്തിയായി.

കുരുമുളകിന് മാത്രമല്ല - ഏലം, കാപ്പി, ഗ്രാമ്പൂ, കൊക്കോ അടക്കമുള്ള വിളകൾക്കും സമാനമായ തകർച്ച ഉണ്ടായി. കുരുമുളക് അടക്കമുള്ള നാണ്യവിളകൾക്ക് സർക്കാർ താങ്ങു വില പ്രഖ്യാപിച്ചിട്ടില്ല. വിള ഇൻഷുറൻസ് ലഭിക്കാനുള്ള സാങ്കേതിക പ്രയാസം കാരണം പല കർഷകരും അതിലേക്ക് പോകാറില്ല.

ദുരിതത്തിലായ കർഷകരുടെ ജീവിതങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പര 'കർഷകർ കുരുക്കിൽ' തുടരും.

ഞങ്ങൾ ഇതുവരെ സംപ്രേഷണം ചെയ്ത വാർത്തകൾ:

Read More15000 പേര്‍ക്ക് ജപ്തി നോട്ടീസ്; ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

Read More: കർഷകരെ പിഴിഞ്ഞ് വട്ടിപ്പലിശക്കാർ; ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് പോലും ഭീഷണി

click me!