Asianet News MalayalamAsianet News Malayalam

കർഷകരെ പിഴിഞ്ഞ് വട്ടിപ്പലിശക്കാർ; ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് പോലും ഭീഷണി

പ്രളയത്തിൽ സർവവും നശിച്ച കർഷകരെയും കുടുംബങ്ങളെയും പിഴിഞ്ഞ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പര തുടരുന്നു. കുരുക്കിലാകുന്ന കർഷകർ..

roving reporter debt ridden farmers commit suicide unable to pay loans
Author
Idukki, First Published Mar 5, 2019, 10:42 AM IST

ഇടുക്കി: കടംകയറി ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ പോലും വെറുതെ വിടാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. മുതലും പലിശയും തിരിച്ചുപിടിക്കാൻ വീടുകൾ കയറി ഇറങ്ങുന്നവരുടെ ഭീഷണിക്ക് കൂടി ഇരയാവുകയാണ് നാഥൻ നഷ്ടപ്പെട്ട കുടുംബങ്ങൾ.

പ്രളയ കാലത്തിന് ശേഷം ഇടുക്കിയിൽ ഉണ്ടായ ആദ്യത്തെ ആത്മഹത്യ ആയിരുന്നു മേരിഗിരി സ്വദേശി സന്തോഷിന്‍റേത്. ജനുവരി രണ്ടിന് വിഷം കഴിച്ച നിലയിൽ സ്വന്തം കൃഷിയിടത്തിലാണ് സന്തോഷിനെ കണ്ടെത്തിയത്. വീട്ടിൽ ഭാര്യയും 5 വയസ്സുള്ള മകനും രോഗിയായ അമ്മയും മാത്രമേയുള്ളൂ. ഈ വീട്ടിലേക്കാണ് ഒരു ദയയുമില്ലാതെ കടം തിരിച്ചുപിടിക്കാൻ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും കയറിയിറങ്ങുന്നത്.

''കൃഷി നഷ്ടമാണെന്ന് നമുക്കറിയാം. അപ്പോഴും ഞങ്ങള് പറയും, ഇത് നിർത്ത് എന്ന്. അപ്പോഴും പ്രതീക്ഷയാ, അടുത്ത കൊല്ലം നന്നായി വന്നെങ്കിൽ ഈ കടമെല്ലാം വീടാമല്ലോ? പിന്നെപ്പിന്നെ പറഞ്ഞു, ഈ വർഷത്തോടെ കൃഷി നിർത്തുവാ, ഇനി മേലെന്ന്. കൂലിപ്പണിക്ക് പോവാമെന്ന് പറയേം ചെയ്തു.'' സന്തോഷിന്‍റെ ഭാര്യ ആഷ പറയുന്നു.

''ആളുകള് വരുമ്പോ, ഇച്ചിരി ഏലം ബാക്കിയൊണ്ട്, കായ്ച്ചിട്ട് തരാമെന്ന് പറയും. അവര് സമ്മതിക്കുന്നില്ല. അതൊക്കെ ഏത് കാലത്ത് കിട്ടാനാന്നാ അവര് ചോദിക്കുന്നേ.'' ആഷയുടെ കണ്ണ് നിറയുന്നു.

കെഎസ്എഫ്ഇയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ ചിട്ടിയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് 7 ലക്ഷം രൂപയും അടക്കം 17 ലക്ഷമാണ് സന്തോഷിന്‍റെ കടബാധ്യത. 20 വർഷമായി കൃഷി ചെയ്യാനിറങ്ങിയ സന്തോഷിന്‍റെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കടബാധ്യതകൾ പെരുകി. സന്തോഷിന്‍റെ കാർ മുറ്റത്ത് കിടപ്പുണ്ട്. ആ കാറിലാണ് പലരുടേയും കണ്ണ്.

''മൂന്ന് വർഷമായില്ല എന്‍റെ ഭർത്താവ് മരിച്ചിട്ട്. അത് കഴിഞ്ഞിട്ടിപ്പം ഇവനും. അത് ഞങ്ങളെങ്ങനെയാ താങ്ങേണ്ടത്? അപ്പഴാണ് ഇങ്ങനെയോരോരുത്തര് വരുന്നത്. അമ്പതിനായിരം രൂപ കൊടുക്കാനുണ്ടെന്ന് പറയാറുള്ളവരെല്ലാം ഇപ്പോ ചോദിക്കുന്നത് എഴുപതും എഴുപത്തഞ്ചുവാ..'' പൊട്ടിക്കരഞ്ഞു കൊണ്ട് സന്തോഷിന്‍റെ അമ്മ ഓമന പറയുന്നു. 

തോപ്രാം കുടിയിലെ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലായിരുന്നു സന്തോഷിന്‍റെ കൃഷിയെല്ലാം. ചെയ്ത കൃഷിയെല്ലാം കടം മാത്രം നൽകിയപ്പോഴും 37 വയസ്സുകാരനായ സന്തോഷിന് പ്രതീക്ഷയുണ്ടായിരുന്നു. കടം വീട്ടാനുള്ള അവസാന ശ്രമമെന്ന നിലയിൽ 6000 വാഴ നട്ടു. വീട് നിൽക്കുന്ന മുപ്പത്തി അഞ്ച് സെന്‍റ് ഭൂമിയ്ക്കാണ് പട്ടയം. ഇതിന് കാർഷിക വായ്പ കിട്ടിയില്ല.

ഇതോടെ മറ്റെല്ലാ കർഷകരെയും പോലെ മറ്റ് പണമിടപാട് സ്ഥാപനങ്ങളെയാണ് സന്തോഷും ആശ്രയിച്ചത്. 16 മുതൽ 20 ശതമാനം വരെ പലിശയ്ക്കാണ് കടമെടുത്തത്. പ്രളയകാലത്തെ മഴയിലും കാറ്റിലും പക്ഷേ വാഴയും നശിച്ചു. ഇതോടെയായിരുന്നു ആത്മഹത്യ. സന്തോഷിന്‍റെ മരണശേഷമായിരുന്നു കൃഷിവകുപ്പിൽ നിന്ന് നഷ്ടക്കണക്കെടുപ്പിന് ഉദ്യോഗസ്ഥരെത്തിയത്.

''സർക്കാരെന്തെങ്കിലും ചെയ്യണം. ഞങ്ങൾക്കൊരു നിർവാഹവുമില്ല ഇത്രയും തുക അടയ്ക്കാനായിട്ട്. കൂലിപ്പണിയെടുത്താൽ എന്ന് വീട്ടിത്തീരാനാണ് ഈ കടം?'' ആഷ കണ്ണു തുടയ്ക്കുന്നു.

കടം വാങ്ങി കൃഷിയിറക്കിയ ഇടുക്കിയിലെ നൂറ് കണക്കിന് കർഷകർ സന്തോഷിനെപ്പോലുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇവരിനി എന്തു ചെയ്യണം? കടം തിരിച്ചടയ്ക്കേണ്ടെന്ന് സർക്കാർ പറ‌ഞ്ഞിട്ടും, ഉടൻ പണം തിരിച്ചു തരണമെന്ന് പറഞ്ഞ് വട്ടിപ്പലിശക്കാർ ഇവർക്ക് ചുറ്റുമുണ്ട്. ബാങ്കുകളാകട്ടെ തുടർച്ചയായി ജപ്തിനോട്ടീസുകൾ അയച്ചുകൊണ്ടേയിരിക്കുന്നു. നിൽക്കക്കള്ളിയില്ലാതെ അവർ ആരെ സമീപിക്കാനാണ് ഇനി?

Follow Us:
Download App:
  • android
  • ios