
കണ്ണൂർ: മുഖ്യമന്ത്രിയുടെ പിണറായിയിലെ അതീവ സുരക്ഷയുള്ള വീടിന് 150 മീറ്റർ മാത്രം അകലെയുണ്ടായ ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ പോലും തിരിച്ചറിയാനാകാതെ പൊലീസ്. പിണറായി സ്വദേശി രേഷ്മയുടെ വീടിന് നേരെ ആക്രമണം നടന്ന് എൺപത് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയും ഇല്ല. ചുറ്റിലും സിസിടിവിയും 24 മണിക്കൂർ പൊലീസ് കാവലും നൈറ്റ് പട്രോളിംഗുമുള്ള പ്രദേശമായിട്ടും തെളിവ് കിട്ടിയിട്ടില്ലെന്നാണ് കമ്മീഷണറുടെ വിശദീകരണം. കണ്ണൂരിലെ മിക്ക ബോംബ് സ്ഫോടന കേസുകളിലും ഒരു എഫ്ഐആർ ഇടുന്നതിനപ്പുറം അന്വേഷണം ഉണ്ടാകാറില്ല.
കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങളുടെ തുടക്കകാലത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബല പരീക്ഷണത്തിനായിരുന്നു ബോംബുകൾ പൊട്ടിച്ചിരുന്നത്. പാനൂരിലൊക്കെ ബിജെപി കേന്ദ്രത്തിൽ ഒരു ബോംബ് പൊട്ടുമ്പോൾ സിപിമ്മുകാർ രണ്ടെണ്ണം എറിയും. പിന്നീട് ആളുകൾക്ക് നേരെയും പൊലീസിന് നേരെയും പാർട്ടി ഓഫീസുകൾക്ക് നേരെയുമൊക്കെ എറിയാൻ തുടങ്ങി. 2002 മെയ് മാസത്തിലാണ് ബോംബാക്രമണത്തിൽ കണ്ണൂരിൽ ആദ്യമായി ഒരു സ്ത്രീ മരിക്കുന്നത്. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഉത്തമന്റെ മൃതദേഹം കാണാൻ പോയ സംഘം സഞ്ചരിച്ച ജീപ്പിന് നേരെയുണ്ടായ ബോംബേറിൽ അമ്മുഅമ്മ എന്ന വയോധികയ്ക്കും ഡ്രൈവർ ഷിഹാബിനും പ്രാണൻ നഷ്ടമായി.
'ബോംബുണ്ട് സൂക്ഷിക്കുക'; 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനങ്ങള്‍
രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെടുമ്പോഴും പ്രമുഖ നേതാക്കൾ കേസിൽ അറസ്റ്റിലാകുമ്പോഴുമൊക്കെ പാർട്ടി ഗ്രാമങ്ങളിൽ ഉഗ്ര സ്ഫോടനങ്ങളുണ്ടാകും. ഭയപ്പെടുത്താനും പ്രതിഷേധിക്കാനുമൊക്കെ ബോംബാണ് ആയുധം. രണ്ട് മാസം മുമ്പ് അങ്ങനെയൊരു ബോംബ് മുഖ്യമന്ത്രിയുടെ വീടിനടുത്തായി പൊട്ടി. റോഡ് വക്കിലെല്ലാം സിസിടിവി ക്യാമറ. ഇരുപത്തിനാല് മണിക്കൂറും കാവലിന് പൊലീസും വണ്ടിയും. രാത്രി റോന്ത് ചുറ്റാൻ തലശ്ശേരി സബ് ഡിവിഷന്റെ വാഹനം. പ്രശ്നങ്ങളുള്ള സമയങ്ങളിൽ 17 അംഗ സ്ട്രൈക്കർ ഫോഴ്സ് സംഘം. ഇത്രയും സുരക്ഷയുള്ള സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
പ്രതികളെവിടെ എന്ന് ചോദിക്കുമ്പോൾ കമ്മീഷണറുടെ മറുപടി ഇങ്ങനെ...പ്രതികളെ കുറിച്ച് കൃത്യമായ വിവരമില്ല. സൂചന മാത്രം. ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂരിൽ ധനരാജ് രക്ത സാക്ഷിത്വദിനം സിപിഎം ആചരിച്ചു. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെ അർദ്ധരാത്രി ബോംബേറുണ്ടായി. പ്രതികളെവിടെയെന്ന് പൊലീസിന് അറിയില്ല.
കണ്ണൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം