Asianet News MalayalamAsianet News Malayalam

തുമ്പില്ലാതെ കണ്ണൂരിലെ ബോംബാക്രമണക്കേസുകള്‍; തിരിച്ചടിയായി രാഷ്രീയ സമ്മ‍ർദ്ദവും പൊലീസിന്‍റെ അനാസ്ഥയും

കാക്കയങ്ങാട് റോഡുവക്കിൽ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് പൊട്ടിത്തെറിച്ച് ഓമനയെന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ രണ്ട് കൊല്ലം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

 police unable to find culprit on more bomb blast cases in kannur
Author
Kannur, First Published Jul 11, 2022, 9:55 AM IST

കണ്ണൂര്‍: കണ്ണൂരിൽ നടക്കുന്ന ബോംബ് ആക്രമണങ്ങളിൽ എൺപത് ശതമാനം കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുന്നു. ആളുകൾ ഭയന്ന് കാര്യങ്ങൾ തുറന്ന് പറയാത്തതും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിപ്പെട്ട് പൊലീസ് അന്വേഷണം മരവിപ്പിക്കുന്നതുമാണ് ഒരുപോലെ തിരിച്ചടിയാകുന്നത്. കാക്കയങ്ങാട് റോഡുവക്കിൽ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് പൊട്ടിത്തെറിച്ച് ഓമനയെന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ രണ്ട് കൊല്ലം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുടുംബത്തെപ്പോറ്റാനും മരുന്നിനുമായി പരിക്കേറ്റകാലുമായി ഇന്നും ജോലിക്കുപോകുന്നുണ്ട് ഈ അൻപത്തിയഞ്ചുകാരി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര " ബോംബുണ്ട് സൂക്ഷിക്കുക" തുടരുന്നു.

2020 മാർച്ച് ആറിന് കൊവിഡ് നാട്ടിൽ പടർന്ന് പിടിക്കാൻ തുടങ്ങിയ കാലത്താണ് ഓമനയുടെ ജീവിതം ദുരിതത്തിലാക്കി ബോംബ് പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നത്. തൊഴിലുറപ്പ് ജോലി ചെയ്യുന്ന ഓമന കാക്കയങ്ങാട് റോഡുവക്കിലെ കാട് വെട്ടിത്തെളിക്കുകയായിരുന്നു. തൂമ്പാ ഒരു ചാക്കുകെട്ടിലേക്ക് തൊട്ടതും ഉഗ്ര ശബ്ദത്തിൽ ബോംബ് പൊട്ടിത്തെറിച്ചു. ഇരു കാലുകൾക്കും കൈകൾക്കും പരിക്കേറ്റ് ഒന്ന് എഴുന്നേൽക്കാൻകൂടി വയ്യാതെ ഓമന കിടപ്പിലായിപ്പോയി. ചികിത്സയ്ക്ക് ശേഷം ആവതില്ലെങ്കിലും മുടങ്ങിക്കിടക്കുന്ന വീടുപണിക്കും മകളുടെ പഠിത്തത്തിനും മരുന്നിന്റെ ചെലവിനും എല്ലാമായി ഓമന വീണ്ടും തൂമ്പായുമെടുത്ത് ജോലിക്ക് പോയിത്തുടങ്ങി.

ഈ കുടുംബത്തെ ആകെ ഉലച്ചുകളഞ്ഞ ആ ബോംബ് റോഡുവക്കിൽ കൊണ്ടുവച്ച രാഷ്ട്രീയ ക്രിമിനലുകളെ കണ്ടെത്താൻ കഴിഞ്ഞ രണ്ട് കൊല്ലമായിട്ടും മുഴക്കുന്ന് പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു പൊലീസ് നായയെയും കൊണ്ട് രണ്ട് ദിവസം തെക്കുവടക്ക് നടക്കുന്നിടത്ത് തീരും കണ്ണൂരിലെ മിക്ക ബോംബ് കേസ് അന്വേഷണങ്ങളും.

10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനങ്ങള്‍

ബോംബ് നിർമ്മിച്ചതും പൊട്ടിത്തെറിയിൽ കൈകാലുകൾ നഷ്ടപ്പെട്ടതും ഉൾപെടെ കഴിഞ്ഞ 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനക്കേസുകള്‍. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മമാർ, പറമ്പിൽ കളിക്കുന്ന കുട്ടികൾ ഇങ്ങനെ നിസ്സഹയരായ മനുഷ്യരാണ് ബോംബ് സ്ഫോടനത്തിന് ഇരകളാക്കപ്പെടുന്നത്.

Also Read:  'ബോംബുണ്ട് സൂക്ഷിക്കുക'; 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനങ്ങള്‍

Follow Us:
Download App:
  • android
  • ios