എൻഎസ്‍യു പ്രവർത്തകയുടെ പരാതി; പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല,രാഹുൽഗാന്ധിയടക്കം നേതാക്കൾ സ്റ്റേഷനിലേക്ക് പോകാൻ നീക്കം

Published : Oct 15, 2026, 09:20 AM ISTUpdated : Oct 15, 2026, 12:34 PM IST
athira

Synopsis

എൻഎസ്‍യു പ്രവർത്തക ആതിര നൽകിയ പരാതിയിൽ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽഗാന്ധിയടക്കം നേതാക്കൾ സ്റ്റേഷനിലേക്ക് പോകാനാണ് നീക്കം

ദില്ലി: കൊണാട്ട് പ്ലേസ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ എന്‍എസ്‍യു നേതാവ് ആതിര പൊലീസുകാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് കേസെടുത്തില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയത പരാതി ദില്ലി പൊലീസിന് കൈമാറി. ഇന്ന് വൈകുന്നേരത്തിന് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആതിരയടക്കം പരിക്കേറ്റ എന്‍സ്‍യു പ്രവര്‍ത്തകരുമായി രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താന്‍ സാധ്യതയുണ്ട്. അതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നാളത്തെ പ്രതിഷേധം കണക്കിലെടുത്ത് കൊണാട്ട് പ്ലേസിലേക്കുള്ള എല്ലാ വഴികളും സീല്‍ ചെയ്യാന്‍ ദില്ലി പൊലീസ് നീക്കം തുടങ്ങി.

കൊണാട്ട് പ്ലേസ് സമരത്തില്‍ പങ്കെടുത്തതിന് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനം എണ്ണിപ്പറഞ്ഞാണ് എന്‍എസ്‍യു നേതാവ് ആതിരയും ഋതുവും പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വനിതാ പൊലീസിന്‍റെ സാന്നിധ്യം ആവശ്യപ്പെട്ടതിന് പൊലീസ് വാഹനത്തിലിട്ട് അടിവയറ്റില്‍ ചവിട്ടി. കരണത്തടിച്ചു. വാഹനത്തില്‍ നിന്ന് പിടിച്ചിറക്കിയും മര്ദ്ദനം തുടര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് ദില്ലി പൊലീസ് അറിയിച്ചെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ആതിരയും ഒപ്പം പരിക്കേറ്റ രാജസ്ഥാനില്‍ നിന്നുള്ള ഋതുവും കേരളത്തിലും രാജസ്ഥാനിലും പരാതി നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ഡിജിപിക്കും ആതിര നല്‍കിയ പരാതിയില്‍ കേരളാ പൊലീസ് സീറോ എഫ്ഐആര്‍ ഇട്ട് കേസ് ദില്ലി പൊലീസിന് കൈമാറി.

എന്നാല്‍ രാജസ്ഥാന്‍ പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതുമില്ല. കേസെടുക്കുന്ന കാര്യത്തിൽ പാര്‍ലമന്‍്റ് സ്ട്രീറ്റ് പൊലീസ് തീരുമാനം വൈകിച്ചാൽ ആതിരയും ഋതുവുമായി രാഹുല്‍ ഗാന്ധി തന്നെ സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിഷേധിക്കാനുള്ള സാധ്യതയുമുണ്ട്. അതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി നാളെ പ്രഖ്യാപിച്ചിരിക്കുന്ന കൊണാട്ട് പ്ലേസ് പ്രതിഷേധം പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ദില്ലി പൊലീസ് തുടങ്ങി. കൊണാട്ട് പ്ലേസിലേക്കുള്ള എല്ലാ പ്രവേശന വഴികളും സീല്‍ ചെയ്യാനാണ് ആലോചന. ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് യോഗം നടക്കും. സിജെപി പ്രതിഷേധത്തെത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങളെപ്പറ്റിയും ദില്ലി പൊലീസ് സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേമത്ത് പിക്കപ്പ് വാൻ തട്ടുകടയിലേക്ക് പാഞ്ഞുകയറി, വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചു; ഒട്ടേറെപേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വിധിനിർണയ പാനലിനെതിരായ ആരോപണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു