കൊച്ചിയിൽ ഒരേ സ്കൂട്ടറിൽ അപകടകരമായി യാത്ര ചെയ്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താൽകാലികമായി റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ എംവിഡി നിർദ്ദേശിച്ചിട്ടുണ്ട്.
കൊച്ചി: നഗരത്തിൽ ഒറ്റ സ്കൂട്ടറിൽ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ വൈറലായതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവാവിന് പിഴ ഈടാക്കി ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയ എംവിഡി ബോധവത്കരണത്തിനായി അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്താനും നോട്ടീസ് അയച്ചു.
ഒരൊറ്റ സ്കൂട്ടർ... പത്ത് കാലുകൾ...അവർ അഞ്ച് പേർ....അമിതവേഗതയിലെ ടീനേജ് ഡ്രൈവിംഗ് അതിര് വിട്ടതിന്റെ ദുരന്തങ്ങൾ ആവർത്തിക്കുന്നതിനിടയിലാണ് ഈ ദൃശ്യവും പുറത്ത് വരുന്നത്. കൊച്ചിയിലെ തിരക്കുള്ള പൈപ്പ് ലൈൻ റോഡിലാണ് അഞ്ച് വിദ്യാർത്ഥികളുടെ അപകടയാത്ര. ഈ കാഴ്ച കണ്ടവർ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നാലെ എംവിഡി സ്കൂട്ടറിന്റെ നമ്പർ എടുത്ത് ഉടമയെ വിളിച്ചു. കൂട്ടുകാർക്കൊപ്പമെത്താൻ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളാണ് അഞ്ച് പേരും. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താൽകാലികമായി സസ്പെൻഡ് ചെയ്തു. തീർന്നില്ല, ഒന്നിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിന് ഉടമയ്ക്ക് 1,000 രൂപ പിഴയിട്ടു. ഹെൽമറ്റ് വെക്കാത്ത മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. ഇവരുടെ അച്ഛനമ്മാരെയും ചിലത് ധരിപ്പിക്കാനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. അഞ്ച് വിദ്യാർത്ഥികളും അച്ഛനെയോ അമ്മയെയോ ഒപ്പം കൂട്ടി എത്തി ബോധവ്തകരണ ക്ലാസിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.














