
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും അനേകം വീഡിയോകള്‍ നമ്മുടെ കൺമുന്നിലെത്തുന്നതാണ്. ഇവയില്‍ പല വീഡിയോകളുടെയും ആധികാരികത സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് എളുപ്പത്തില്‍ ലഭ്യമാകണമെന്നില്ല. എങ്കില്‍പ്പോലും ചില വീഡിയോകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറും, പ്രതിഷേധങ്ങള്‍ക്കും, രോഷപ്രകടനങ്ങള്‍ക്കും ഇടയാവുകയും ചെയ്യാറുണ്ട്.
ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം നേരിടുകയാണ് ഒരു വീഡിയോ. ഇത് എപ്പോള്‍, എവിടെ വച്ച്, ആര് പകര്‍ത്തിയതാണെന്നതില്‍ വ്യക്തതയില്ല. ഈ വ്യക്തതയില്ലായ്മയിലും പക്ഷേ വീഡിയോ ശരവേഗത്തില്‍ ആളുകള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്.
അത്രമാത്രം മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്യുന്നതോ പ്രതിസന്ധിയിലാക്കുന്നതോ ആയ രംഗമാണ് വീഡിയോയിലുള്ളത്. കുറഞ്ഞത് എഴുപത് വയസിന് മുകളില്‍ പ്രായം വരുന്നൊരു വൃദ്ധയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്.
പകല്‍സമയമാണ്. വീട്ടിനകത്ത് ടിവി ഓണ്‍ ചെയ്തിട്ടുണ്ട്. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയാണ് പ്രത്യക്ഷമായി വീഡിയോയില്‍ കാണുന്നത്. വീഡിയോ പകര്‍ത്തുന്നത് ഒരു പുരുഷൻ ആണെന്നാണ് മനസിലാകുന്നത്.
യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാൻ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് നിന്ന് ഏതാനും സെക്കൻഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാൻ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം.
ശേഷം ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതിയും തന്‍റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഇത്രയുമാണ് വീഡിയോയിലുള്ളത്. മനുഷ്യരെ പെട്ടെന്ന് തന്നെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രംഗമായതിനാല്‍ തന്നെ ഒന്നും അന്വേഷിക്കാതെയും വിവരങ്ങളൊന്നും അറിയാതെയും തന്നെ ഏവരും കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. പൊലീസ് കേസെടുക്കണം എന്നും ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നും വൃദ്ധയെ സുരക്ഷിതമായ സ്ഥലത്തെത്തിക്കണം എന്നുമെല്ലാം കമന്‍റിലൂടെ നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇനി വരുംമണിക്കൂറുകളിലോ ദിവസങ്ങളിലോ മാത്രമേ വീഡിയോയുടെ മറ്റ് വിശദാംശങ്ങള്‍ അറിയാൻ സാധിക്കൂ.
ഇത് എപ്പോള്‍ പകര്‍ത്തിയതാണ്, എന്താണീ രംഗങ്ങളുടെ പശ്ചാത്തലം, നിലവില്‍ എന്താണ് അവസ്ഥ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അപ്പോള്‍ മാത്രമേ നമുക്ക് മനസിലാക്കാൻ കഴിയൂ.
വൈറലാകുന്ന വീഡിയോ കണ്ടുനോക്കാം...
ഇത് ഏറ്റവുമധികം പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നത് നജീം കളങ്ങര എന്ന പൊതുപ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ്. ഇദ്ദേഹത്തിന്‍റെ പേജില്‍ നിന്നാണ് വീഡിയോ ചര്‍ച്ചയായിരിക്കുന്നതും. ഇതേ വീഡിയോ ആണ് ഈ വാര്‍ത്തയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോയെ കുറിച്ച് നജീം കളങ്ങരയും കൂടുതലൊന്നും പങ്കുവച്ചിട്ടില്ല.
Also Read:- നിങ്ങളൊരു റോഡപകടം കണ്ടാല്‍ എന്ത് ചെയ്യും? ; കിഷോര്‍ കുമാറും മകനും ഒരു 'റിമൈൻഡര്‍' ആണ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam