
കാസർകോട്: എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു വഞ്ചന കേസ് കൂടി. കണ്ണൂർ ചൊക്ലി സ്വദേശിയുടെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്. നിക്ഷേപമായി 5 ലക്ഷം വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് ചൊക്ലി സ്വദേശിയുടെ പരാതി. ഇതോടെ എംഎൽഎക്കെതിരെ 86 വഞ്ചന കേസുകളായി. എന്നാൽ പൊലീസ് ഇത് വരെ കമറുദ്ദീൻ്റെ മൊഴിയെടുക്കുകയോ എംഎൽഎ അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.
ആഗസ്റ്റ് 27നാണ് ചെറുവത്തൂർ സ്വദേശികളായ മൂന്ന് പേരിൽ നിന്ന് നിക്ഷേപമായി വാങ്ങിയ 35 ലക്ഷം തട്ടിയെന്ന പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവിൽ അന്വേഷിക്കുന്നത് എഎസ്പി വിവേക്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘമാണ്.
പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം കഴിഞ്ഞ ശേഷമേ എംഎൽഎയെ ചോദ്യം ചെയ്യൂ എന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്.
വഞ്ചന കേസുകൾക്ക് പുറമേ കമ്പനി നിയമങ്ങൾ ലംഘിച്ച് നിക്ഷേപം വാങ്ങി, നിക്ഷേപകരറിയാതെ ആസ്തികൾ വിറ്റു തുടങ്ങിയ ഗുരുതര പരാതികളും ജ്വല്ലറി ചെയർമാനായ എംഎൽഎക്കെതിരെ ഉയർന്നിട്ടുണ്ട്. ജ്വല്ലറിയിൽ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം ഫാഷൻഗോൾഡ് ജ്വല്ലറി ശാഖകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജിഎസ്ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.
എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ കാസർകോട് കമർ ഫാഷൻ ഗോൾഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടർന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസർകോട് ജ്വല്ലറി ശാഖയിൽ വേണ്ട 46 കിലോ സ്വർണവും ചെറുവത്തൂരിലെ ജ്വല്ലറിയിൽ ഉണ്ടാകേണ്ട 34 കിലോ സ്വർണവും കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam