ജൂൺ 12-ന് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് കൊവിഡ് മരണം 20

By Web TeamFirst Published Jun 15, 2020, 6:17 PM IST
Highlights

ദീർഘകാലമായി ശ്വാസകോശരോഗമുണ്ടായിരുന്ന വൃദ്ധനാണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ എസ് രമേശന്‍റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂണ്‍ 12-ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. ഇന്ന് 82 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഒരു ഇടവേളയ്ക്ക് ശേഷം, രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം കൂടിയ ദിവസമായിരുന്നു ഇന്നലെ. 54 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, 56 പേർക്ക് രോഗമുക്തിയുമുണ്ടായി. എന്നാൽ ഇന്ന് എൺപതിന് മുകളിൽ പുതിയ രോഗികളുണ്ടായത് ആശങ്കയുളവാക്കുകയാണ്. പക്ഷേ, ഇന്ന് 73 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ജൂൺ 12-ന് മരിച്ച രമേശന് എങ്ങനെ രോഗം വന്നു എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്ന സൂചനയാണ് വരുന്നത്.

മെയ് 23-നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മെയ് 25-ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. പിന്നീട് ആരോഗ്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഇദ്ദേഹത്തെ ജൂൺ 10-ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് അസുഖം ഗുരുതരമായതിനാൽ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. 

ഈ സമയത്തൊന്നും ഇദ്ദേഹത്തിന്‍റെ സ്രവപരിശോധന നടത്തിയിരുന്നില്ല എന്നാണ് വിവരം. പിന്നീട് മരണത്തിന് ശേഷമാണ് ഇദ്ദേഹത്തിന്‍റെ സ്രവപരിശോധന നടത്തുന്നത്. അതിന്‍റെ ഫലമാണ് മൂന്ന് ദിവസത്തിന് ശേഷം എത്തിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് നേരത്തേ മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിനും പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദികൻ ഫാ. കെ ജി വർഗീസിനും എവിടെ നിന്നാണ് രോഗം വന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

click me!