നീലേശ്വരം സ്കൂളില്‍ ഉത്തരക്കടലാസ് അധ്യാപകന്‍ തിരുത്തിയ സംഭവം: ഒരാൾ കീഴടങ്ങി

By Web TeamFirst Published Jun 21, 2019, 10:42 AM IST
Highlights

പരീക്ഷ ഡെപ്യൂട്ടി ചീഫായ പി കെ ഫൈസലാണ് കീഴടങ്ങിയത്. കേസില്‍ ഫൈസലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.

കോഴിക്കോട്: കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ്ടു പരീക്ഷ എഴുതിയ കേസിൽ ഒരാൾ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസലാണ് കീഴടങ്ങിയത്. ഫൈസലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.

മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. സ്കൂളിലെ പ്ലസ്ടു സയൻസ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായും മാറ്റി എഴുതുകയെന്നും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളിൽ അധ്യാപകൻ തിരുത്തൽ വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. 

സംഭവത്തില്‍ നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ്‌ കേസെടുത്തിട്ടുണ്ട്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസി 419,420,465,468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ മറ്റ് രണ്ട് പേരും ഒളിവിലാണ്.

click me!