
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ സ്വപ്ന സുരേഷ് ഇന്ന് ഫേസ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതയുണ്ടെന്ന് സതീശൻ പറഞ്ഞു. ഇടനിലക്കാരനായ വിജയ് പിള്ളയുടെ ഇടപെടലുകളിൽ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും ഇരുവരും വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആരാണ് വിജയ് പിള്ള? ചിത്രങ്ങളും വിവരങ്ങളും പുറത്ത്! ഷാജ് കിരണിന് ശേഷം പുതിയ ഇടനിലക്കാരനോ?
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമുണ്ട്. എം വി ഗോവിന്ദന്‍റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി ജെ പിക്കും സി പി എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്‍റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്‍റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam