ഇയാൾ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയാണെന്നാണ് വ്യക്തമാകുന്നത്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ ആരാണ് വിജയ് പിള്ള എന്ന കാര്യത്തിൽ ചർച്ച സജീവം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ളയെന്നൊരാളാണ് മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെയാണ് വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചർച്ചയും സജീവമായത്. സ്വപ്ന ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് വിജയ് പിള്ള എന്നാണെങ്കിലും പരാതിയിൽ പറഞ്ഞിട്ടുള്ളത് വിജേഷ് പിള്ള എന്നാണ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയാണ് വിജയ് പിള്ള എന്നാണ് വിവരം. ഇയാളുടെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കണ്ണൂർ സ്വദേശിയാണ് ഇയാളെന്നാണ് വിവരം. ആക്ഷൻ ഒ ടി ടി എന്ന സ്ഥാപനത്തിന്‍റെ സി ഇ ഓ ആണ് വിജയ് പിള്ളയെന്നും വിവരമുണ്ട്. ആക്ഷൻ ഒ ടി ടി എന്ന ആപ്പുമായി ബന്ധപ്പെട്ടാണ് വിജയ് പിള്ള തന്നെ ബന്ധപ്പെടുന്നതെന്ന് സ്വപ്ന നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെന്ന വിവരം പുറത്തുവരുമ്പോൾ കൊച്ചിയിലെ ഓഫീസിന്‍റെ കെട്ടിട ഉടമയോട് ഇയാൾ പറഞ്ഞിരുന്നത് എറണാകുളം സ്വദേശിയെന്നാണ്. കണ്ണൂരിൽ ബന്ധങ്ങളുണ്ടെന്നുമാണ് കെട്ടിട ഉടമയോട് വിജേഷ് പിള്ള പറഞ്ഞിരുന്നത്. കൊച്ചിയിലെ ഓഫീസ് തുറക്കാൻ 2017 ലാണ് വിജേഷ് പിള്ള തന്നെ സമീപിച്ചതെന്ന് കൊച്ചിയിലെ ഇയാളുടെ സ്ഥാപനം പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഉടമ ജാക്സൺ മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 2017 ലാണ് ഡബ്ല്യു ജി എൻ എന്ന പേരിൽ വിജേഷ് പിള്ള സ്ഥാപനം നടത്തിയത്. പോയിന്റ് ബേസ്ഡ് കാര്‍ഡ് ബിസിനസ് എന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ധാരാളം പേരെ റിക്രൂട്ട് ചെയ്യും എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു വ്യക്തമാക്കി.

നേരത്തെ ഷാജ് കിരൺ എന്ന ഇടനിലക്കാരനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കേരളത്തിന് അറിവുള്ളതാണ്. ഷാജ് കിരൺ ആദ്യം സ്വപ്നയുടെ ഇടനിലക്കാരനായാണ് എത്തിയത്. സ്വപ്നയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്ന ഷാജ് കിരൺ പിന്നീട് ഉന്നതർക്ക് വേണ്ടി ഇടപെട്ടു എന്നാണ് അന്ന് സ്വപ്ന വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പരാതി നൽകിയതോടെ പൊലീസ് കേസെടുത്തിരുന്നു. അതിന് ശേഷം ഇപ്പോളാണ് പുതിയൊരു പേര് സ്വപ്ന വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ വിജയ് പിള്ളയെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടായേക്കും.
