പ്രതികരണവുമായി പി ജയരാജൻ; ഒന്നിന്‍റെയും അവസാനമല്ല, പാര്‍ട്ടി സമരങ്ങൾ ഏറ്റെടുക്കണമെന്ന് കുറിപ്പ്; 'തെറ്റുതിരുത്തൽ പ്രക്രിയ തുടരും'

Published : May 05, 2026, 10:26 AM IST
p jayarajan

Synopsis

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം ഒന്നിന്‍റെയും അവസാനമല്ലെന്നും വലതുപക്ഷവത്കരണത്തിനെതിരെ തീഷ്ണമായ സമരങ്ങൾ ഏറ്റെടുക്കണമെന്നും പി ജയരാജൻ. പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ടെന്നും, തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്‍റെയും അവസാനമല്ലെന്ന് പി ജയരാജൻ. പാർലമെന്‍റിലും നിയമസഭയ്ക്കകത്തും പാർട്ടി നടത്തുന്ന ഇടപെടലുകൾ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവിൽ നോയിഡയിൽ ഉൾപ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്. മോദി സർക്കാർ ഇന്ത്യൻ കർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിനെ ഇന്ത്യയിലെ കർഷകർ ചെറുത്ത് തോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്‍റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നു.

അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ പരാജയപ്പെട്ടു. ഈ മൂന്ന് സർക്കാരുകൾ പൊതുവിൽ കേന്ദ്ര ബിജെപി ഗവൺമെന്‍റിനെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവയായിരുന്നു. അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചു. മൊത്തത്തിൽ വലതുപക്ഷ ശക്തികൾക്കാണ് മുന്നേറ്റമുണ്ടായത്. കേരളത്തിലാണെങ്കിൽ ഇടതുപക്ഷത്തെ തോൽപ്പിച്ച് വലതുപക്ഷം നേടിയ വിജയത്തിന്‍റെ പ്രധാന ഗുണഭോക്താക്കൾ കോൺഗ്രസും ലീഗുമായി. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ അധികാരത്തിന് വെളിയിൽ നിൽക്കേണ്ടിവന്ന വലതുപക്ഷത്തിന് അധികാരം തിരിച്ചുപിടിക്കാനായി.

അതിനാൽ കേരളത്തിന്‍റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണ്. അരനൂറ്റാണ്ടുകൾ കാലം അധികമായി ആർഎസ്എസ് സമൂഹത്തിൽ നുഴഞ്ഞുകയറാൻ പലവിധത്തിൽ പരിശ്രമിക്കുകയുണ്ടായി. ഇത്തരം പരിശ്രമങ്ങൾക്ക് തടസം കമ്മ്യൂണിറ്റുകാരാണെന്ന അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി ആശയപരവും കായികവുമായ അഴിച്ചുവിട്ട ആക്രമണങ്ങളെല്ലാം സിപിഎമ്മിന് എതിരായിരുന്നു. കേരളത്തിലെ പതിമൂന്ന് ജില്ലകളിലായി 215 പാർട്ടി പ്രവർത്തകരുടെ രക്തസാക്ഷിത്വം അതിന്‍റെ ഫലമായിരുന്നു. ആർഎസ്എഎസിന്‍റെ കായിക ആക്രമണങ്ങൾ അവർ അവസാനിപ്പിക്കാൻ നിർബന്ധിതരായെങ്കിലും അവരുടെ ആശയപരമായ അധിനിവേശ ശ്രമം തുടരുകയാണ്. ഇതിനെ ആശയപരമായി ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന യഥാർത്ഥ്യം നിലനിൽക്കുന്നു. ആ പോരാട്ടം തുടരുകതന്നെവേണം.

അതേസമയം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതിന്‍റെ ആവശ്യകതയും ഉൾപ്പെടും. കമ്യൂണിസ്റ്റുകാർ പാർലമെന്‍ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകണമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയ നിരാശയിൽ നിന്ന് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളും വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന നിലയുണ്ട്. പാർട്ടി അനുഭാവികൾകുള്ള അത്തരം അഭിപ്രായങ്ങൾ പാർട്ടി നേതൃത്വത്തിന് നൽകുകയാണ് വേണ്ടത്. പാർട്ടി അനുഭാവികളുടെ അത്തരം കത്തുകൾ ഗൗരവമായി പരിഗണിക്കുന്ന പാർട്ടിയാണ് സിപിഎം. കയ്യൂരിന്റെയും കരിവുള്ളൂരിന്റെയും പുന്നപ്ര വയലാറിന്റെയും ഉജ്വല പാരമ്പര്യമുള്ള പാർട്ടി ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ്. വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിർത്തിക്കൊണ്ടുള്ള പോരാട്ടം തുടരുമെന്നും അതിജീവിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം': രമേഷ് പിഷാരടി
തെരഞ്ഞെടുപ്പ് തോൽവി; സിപിഐയിലും ഉൾപ്പാർട്ടി കലാപം, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനം