തൃശ്ശൂർ: പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എസിപി ബിജുഭാസ്കറിന്റെ മുൻപിൽ ഹാജരാവാൻ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടും ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്ന് പൊലീസ് പറയുന്നു. 

പ്രാഥമിക അന്വേഷണത്തിൽ ഗുരുവായൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്‌സൈസ് ചോദ്യം ചെയ്തതായാണ് വിവരം. അതേസമയം, എക്സൈസ് ഓഫീസർമാരുടെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ചു. സാക്ഷികളെയും കണ്ടെത്തി അന്വേഷണ ഉദ്യോ​ഗസ്ഥർ മൊഴിയെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ എട്ട് ഉദ്യോ​ഗസ്ഥരുടെ വീടുകളിലും നോട്ടീസ് പതിച്ചിരുന്നു. എത്രയും വേ​ഗം ചോദ്യം ചെയ്യലിന് ഹാജരാകമമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നതെങ്കിലും ഉദ്യോ​ഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് പൊലീസ് പറയുന്നു. എട്ട് പേരയും ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമെന്നും ലഭിച്ചില്ല.  
തിരൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന തരത്തിൽ നേരത്തെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ​ഗുരുവായൂരിൽ വച്ച് തന്നെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ഏത് സാ​ഹചര്യത്തിലാണ് ഇത്തരമൊരു നടപടി എക്സൈസ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്, എങ്ങനെയാണ് അവർ ​ഗുരുവായൂരിൽ എത്തിയത്, തിരൂരിൽ പോകാനുള്ള സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണ ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനായി ഈ എട്ട് എക്സൈസ് ഉദ്യോ​ഗസ്ഥരും ഹാജരായാൽ മാത്രമേ തുടർ നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാനാവൂ. എസിപി ബിജുഭാസ്കറിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയാണ്. 

കഴിഞ്ഞ ദിവസം എട്ട് ഉദ്യോ​ഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർമാരായ വി എ ഉമ്മർ, എം ജി അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ എം മാധവൻ, വി എം സ്മിബിൻ, എം ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി ബി ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Read More: പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

അതേസമയം കസ്റ്റഡി മരണത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവാലാണ്. കസ്റ്റഡിയില്‍ മരിച്ച രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ  മൂന്ന് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

ഇതില്‍ രണ്ട് പ്രിവന്‍റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് വിവരം. ഇവരാണ് ഇപ്പോൾ ഒളിവിൽ പോയതായി പൊലീസ് പറയുന്നത്. ജീപ്പിലുണ്ടായിരുന്ന മൂന്നാമത്തെ പ്രിവന്‍റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ തുടക്കത്തില്‍ത്തന്നെ എതിര്‍ക്കുകയും പ്രതിഷേധിച്ച് ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്‍റെ മൊഴി കേസില്‍ നിര്‍ണായകമാവും. 

ഒക്ടോബര്‍ ഒന്നിനാണ്,‌‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read More: തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവം രഞ്ജിത്തിന്‍റെ മരണകാരണം; എക്സൈസിന് കുരുക്കായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഇതേത്തുടര്‍ന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. അതേസമയം, രഞ്ജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് മുൻ ഭാര്യയും ബന്ധുക്കളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. രഞ്ജിത്ത് വാഹനത്തിൽവെച്ച് അപസ്മാര ലക്ഷണം കാണിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെന്നും പിന്നീട് മരണം സംഭവിച്ചെന്നുമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് മുൻഭാര്യയും ബന്ധുക്കളും പറയുന്നത്. രഞ്ജിത്തിന് മുൻപൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞിരുന്നു.


Read Also: എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ