പേരാമ്പ്ര ഫണ്ട് പിരിവ് പരാതി; അന്വേഷണം നടത്താൻ സമിതിയെ വെച്ച് ബിജെപി

Published : Jan 11, 2023, 08:55 AM IST
പേരാമ്പ്ര ഫണ്ട് പിരിവ് പരാതി; അന്വേഷണം നടത്താൻ സമിതിയെ വെച്ച് ബിജെപി

Synopsis

തന്‍റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരെ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്ന, ബിജെപി പ്രവര്‍ത്തകനായ പ്രജീഷിന്‍റേതാണ് പരാതി

കോഴിക്കോട്: പേരാമ്പ്രയിലെ ബി ജെ പി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്ക് കാരണമായ സംഭവത്തിൽ അന്വേഷണം നടത്താൻ ബിജെപി സമിതിയെ നിയോഗിച്ചു. ഫണ്ട്‌ പിരിവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് സമിതി. ഇന്നലെ ഉണ്ടായ പ്രശ്നത്തെ കുറിച്ചും സമിതി പരിശോധിക്കും. അതേസമയം ഇന്നലെ ബിജെപി യോഗത്തിൽ കയ്യാങ്കളി നടന്നിട്ടില്ലെന്നും യോഗത്തിൽ പങ്കെടുക്കേണ്ടാത്ത ആളുകൾ വന്നപ്പോൾ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ബി ജെ പി നേതൃത്വം പറയുന്നു.

തന്‍റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരെ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്ന, ബിജെപി പ്രവര്‍ത്തകനായ പ്രജീഷിന്‍റേതാണ് പരാതി. ഇതേച്ചൊല്ലിയുള്ള തർക്കവും വാക്കേറ്റവും കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. നേതാക്കൾ പ്രജീഷിന്റെ പക്കൽ നിന്ന് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

മുന്‍ ബിജെപി നേതാവും ആര്‍ എസ് എസ് പ്രവര്‍ത്തകനുമാണ് പാലേരി സ്വദേശി പ്രജീഷ്. ഇദ്ദേഹത്തിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്‍റും ചില ഭാരവാഹികളും ചേര്‍ന്ന് 1.10 ലക്ഷം രൂപ പ്രജീഷിന്റെ പക്കൽ നിന്നും വാങ്ങിയെന്നാണ് ആരോപണം. ഇതിന് ശേഷം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പ്രജീഷ് പണം നൽകിയില്ലെന്ന് പറയുന്നു. ഇതോടെ നേതാക്കൾ ഇടപെട്ട് പെട്രോള്‍ പമ്പ് നിര്‍മ്മാണം തടഞ്ഞു. നേതാക്കള്‍ കുറ്റ്യാടിയിലെ തന്റെ പെട്രോള്‍ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ പ്രജീഷ് പുറത്തുവിട്ടിരുന്നു.

പേരാമ്പ്രയില്‍ ചേര്‍ന്ന ബിജെപി പേരാമ്പ്ര മണ്ഡലം ഭാരവാഹികളുടെ യോഗമാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. പണം വാങ്ങിയത് ചോദ്യം ചെയ്തെത്തിയ വിഭാഗം, യോഗത്തിനെത്തിയ നേതാക്കളെ കൈയേറ്റം ചെയ്തു. മണ്ഡലം പ്രസിഡന്റിനടക്കം മർദ്ദനമേറ്രു. ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍, സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. മൂന്ന് മാസം മുമ്പ് പാര്‍ട്ടി ഫണ്ടിലേക്ക് 25000 രൂപ പ്രജീഷില്‍ നിന്നും വാങ്ങിയെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് രജീഷ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി