പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍

Published : Apr 20, 2026, 10:31 PM IST
Perambra strong room

Synopsis

പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് കളക്ടര്‍. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും കളക്ടര്‍ അറിയിച്ചു.

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും കളക്ടര്‍ അറിയിച്ചു.

വോട്ടെടുപ്പിന് ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിംഗ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പൊലീസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്‌ട്രോംഗ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല. എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയരിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി ഏപ്രില്‍ 20ന് തുറന്നത്. മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്‌സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്‌സാദ് കെ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്ത മുറികള്‍ തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന റൂമുകളിൽ ഒന്ന് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ തുറന്നത്. പ്രധാന സ്ഥാനാർത്ഥികളുടെ ഏജൻ്റുമാരെ അറിയിച്ച ശേഷമായിരുന്നു റൂം തുറന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയ റിട്ടേണിംഗ് ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അട്ടിമറി ആരോപിച്ച് കോൺഗ്രസ് ലീഗ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. താൻ എത്തുമ്പോഴേക്കും സ്ട്രോങ്ങ് റൂം തുറക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നു എന്നും നടപടിക്രമങ്ങളിൽ സംശയമുണ്ട് എന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയയും പറഞ്ഞു. പിന്നാലെ, ഇക്കാര്യത്തിൽ രേഖാമൂലം വിശദീകരണവുമായി റിട്ടേണിംഗ് ഓഫീസർ രംഗത്തെത്തി. സ്ട്രോങ്ങ് റൂം തുറന്നു എന്ന ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത് എന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. അതേസമയം, ഫോം 17 C പ്രകാരം പുരുഷ വോട്ടർമാർ വനിതാ വോട്ടർമാർ പ്രവാസി വോട്ടർമാർ എന്നിങ്ങനെയുള്ള വിവരങ്ങൾ ക്രോഡീകരിച്ച് രേഖപ്പെടുത്താൻ വിട്ടുപോയ റിട്ടേണിംഗ് ഓഫീസർ ഇക്കാര്യങ്ങൾ വീണ്ടെടുക്കാൻ ആയാണ് റിസർവ് റൂം തുറന്നത് എന്നാണ് പുറത്തുവരുന്ന വിവരം. പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറെ നിൽക്കണമെന്ന് ആവശ്യപ്പെട്ട് 6 യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷണ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ
ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയിൽ, ലഹരിയിലെന്ന് മൊഴി