സര്‍ട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് വേണമെന്നില്ല, അമ്മയുടെ പേര് മാത്രം നൽകാമെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 24, 2022, 2:05 PM IST
Highlights

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനിൽ നിന്ന് ഗര്‍ഭിണിയായ അമ്മയും അവരുടെ മകനും നൽകിയ ഹര്‍ജിയിലാണ് കോടതി വിധി

കൊച്ചി :സര്‍ട്ടിഫിക്കറ്റുകളിൽ അച്ഛന്റെ പേര് നൽകണമെന്ന് നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നൽകിയാൽ മതിയെന്നും കേരള ഹൈക്കോടതി. അച്ഛൻ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളിൽ നിലവിൽ നൽകിയിട്ടുള്ള അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിര്‍ണ്ണായക വിധി. 

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനിൽ നിന്ന് ഗര്‍ഭിണിയായ അമ്മയും അവരുടെ മകനും നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി പറഞ്ഞു. മാത്രമല്ല നൽകുന്ന അപേക്ഷ പ്രകാരം എസ്എസ്എൽസി മുതൽ പാസ്പോര്‍ട്ട് വരെയുള്ള രേഖകളിലും പിതാവിന്റെ പേര് ഒഴിവാക്കി നൽകണമെന്നും കോടതി പറഞ്ഞു. അവിവാഹിതയായ അമ്മ പ്രസവിച്ച മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. 

ഹര്‍ജിക്കാരന്റെ ജനന സര്‍ട്ടിഫിക്കറ്റ്, എസ്എ സ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചതോടെയാണ് അമ്മയും മകനും സംയുകത്മായി ഹൈക്കോടതിയെ സമീപിച്ചത്. മഹാഭാരത കഥയിൽ കര്‍ണ്ണന്റെ അവസ്ഥ വിവരിക്കുന്ന കഥകളി പദവും വിധി ന്യായത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ക‍ര്‍ണ്ണശപഥം ആട്ടക്കഥയിലെ വരികളാണ് ഉൾക്കൊള്ളിച്ചിരുന്നത്.

കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

 

കൊച്ചി: കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണ്ടത് അത്യന്താപേക്ഷിതമാണ്. സ്കൂളുകളിൽ നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതർ വീണ്ടുവിചാരം നടത്താൻ സമയമായെന്നും കോടതി കുറ്റപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കുടുത്ത ആശങ്ക രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ സുലഭമായി അശ്ലീല വീഡിയോകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഇത് കുട്ടികളുടെ മനസ്സിനെ തെറ്റായ വഴിയിലേക്ക് എത്തിക്കുന്നുണ്ട്. 

ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കൽ അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വിജി അരുൺ പറഞ്ഞു. ലൈംഗികാതിക്രമങ്ങളുടെ അനനന്തര ഫലത്തെക്കുറിച്ച് കുട്ടികളിൽ ആവശ്യമായ അവബോധം ഉണ്ടാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുവെന്ന് മറ്റൊരു സിംഗിൾ ബ‌ഞ്ച് നിരീകിഷിച്ചിരുന്നതായും കോടതി ചൂണ്ടികാട്ടി. 

ഇത്തരത്തിൽ ഗർഭം ധരിക്കണ്ടിവരുന്ന കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസീകവുമായ പ്രശ്നവും, അവളുടെ കുടുംബം അനുഭവികേണ്ടിവരുന്ന ഒറ്റപ്പെടലും പരിഗിണിച്ചാണ് സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നവജാതശിശുവിന് ജീവനുണ്ടെങ്കിൽ കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.

Read More : നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലേ? മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിയേണ്ടത്...

click me!