Asianet News MalayalamAsianet News Malayalam

നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലേ? മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിയേണ്ടത്...

പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കുടുത്ത ആശങ്ക രേഖപ്പെടുത്തിയത്.

Increased pregnancy in children kerala high court expressed concern
Author
Kochi, First Published Jul 23, 2022, 12:19 PM IST

കുട്ടികളിൽ ഗർഭധാരണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി, സ്കൂളുകളിൽ നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതർ വീണ്ടുവിചാരണം നടത്താൻ സമയമായെന്നും കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ സുലഭമായി അശ്ലീല വീഡിയോകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഇത് കുട്ടികളുടെ മനസ്സിനെ തെറ്റായ വഴിയിലേക്ക് എത്തിക്കുന്നുണ്ട്. ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കൽ അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. ലൈംഗികാതിക്രമങ്ങളുടെ അനന്തര ഫലത്തെക്കുറിച്ച് കുട്ടികളിൽ ആവശ്യമായ അവബോധം ഉണ്ടാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുവെന്ന് മറ്റൊരു സിംഗിൾ ബ‌ഞ്ച് നിരീക്ഷിച്ചിരുന്നതായും കോടതി ചൂണ്ടികാട്ടി. ഇത്തരത്തിൽ ഗർഭം ധരിക്കണ്ടിവരുന്ന കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസീകവുമായ പ്രശ്നവും, അവളുടെ കുടുംബം അനുഭവികേണ്ടിവരുന്ന ഒറ്റപ്പെടലും പരിഗിണിച്ചാണ് സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നവജാത ശിശുവിന് ജീവനുണ്ടെങ്കിൽ കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു. 

Also Read: ആറ് മാസം ഗര്‍ഭിണിയായ 15കാരിയുടെ മനുഷ്യത്വം പറഞ്ഞ് ഹൈക്കോടതിയുടെ അപൂര്‍വ്വ ഉത്തരവ്

മനുഷ്യത്വം പറഞ്ഞ കോടതി ഉത്തരവ്

അസാധാരണമായ സാഹചര്യത്തിലായിരുന്നു ഹൈകോടതിയുടെ നിർണ്ണായക ഉത്തരവ് പുറത്ത് വന്നത്. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച അഥവാ ആറ് മാസം കാലാവധി പിന്നിട്ടാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. എന്നാൽ പതിനഞ്ച് വയസ്സുകാരിയായ പോക്സോ കേസിലെ അതിജീവിതയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. സർക്കാർ  ആശുപത്രിയിൽ വെച്ച് ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. മെഡിക്കൽ സൂപ്രണ്ട് പ്രത്യേക ടീം രൂപീകരിച്ച് ഇതിനുള്ള നടപടികൾ എടുക്കണം. ജനിച്ച് വീഴുന്ന കുഞ്ഞിന് സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യമുള്ള കുഞ്ഞാക്കി മാറ്റണമെന്നും കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ സംരക്ഷണം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു. ആറ് മാസം പിന്നിട്ട അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്താൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നായിരുന്നു മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട്. കുഞ്ഞ് തുടർന്ന് ജീവിക്കാനുള്ള സാധ്യത മുപ്പത് ശതമാനമാണ്. മൂന്ന് മാസം വരെ എൻഐസിയു പരിചരണം ആവശ്യമാണ്. നാഡി സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ ടീം കോടതിയെ അറിയിച്ചു. ഈ സാഹചര്യം നിലനിൽക്കുമ്പോഴും പതിനഞ്ച് വയസ്സുകാരിയുടെ മാനസിക നില പരിഗണിച്ചായിരുന്നു കോടതി തീരുമാനം.കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. ഇതിനകം മെഡിക്കൽ സൂപ്രണ്ട് നിലവിലെ ഉത്തരവ് നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

Also Read: അവിവാഹിതയായതിനാല്‍ ഗർഭഛിദ്രം നിഷേധിക്കാനാകില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

എന്ത് കൊണ്ട് അസാധാരണ തീരുമാനം?

ആറ് മാസം പിന്നിട്ടാൽ രാജ്യത്തെ നിയമം അനുസരിച്ച് ഗർഭച്ഛിദ്രത്തിന് അനുമതി ഇല്ല. പക്ഷേ നിയമത്തിന്‍റെ സങ്കീർണതകളിലേക്ക് പോകാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കിയത്. ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ പെൺകുട്ടിയുടെ മാനസിക ശാരീരിക അവസ്ഥ മനസ്സിലാക്കുന്നു, ഓരോ ദിവസവും തീരുമാനം വൈകുന്നത് 15 വയസ്സുകാരി നിലവിൽ അനുഭവിക്കുന്ന കഠിനവേദനയുടെ ആക്കം കൂട്ടുമെന്നും കോടതി വിലയിരുത്തി. ഇത് പരിഗണിച്ചാണ് മനുഷത്വപരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതിന് മറ്റൊരു വശം. ഗർഭസ്ഥ ശിശു ജീവനോടെ ജനിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ ഭാവിയിൽ നിയമവഴിയിൽ ഇത്തരം കേസുകൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞിന്‍ ആരാകും കാരണക്കാർ എന്നതിൽ തുടർചർച്ചകൾക്കും സാധ്യതകളുണ്ട്. എന്നാൽ, നിലവിൽ കുഞ്ഞിന് ജീവനുണ്ടെങ്കിൽ സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios