അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ, നായ ചത്തു 

By Web TeamFirst Published Sep 20, 2022, 5:39 PM IST
Highlights

പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നായ ഇന്ന് ചത്തു. 

പത്തനംതിട്ട : പത്തനംതിട്ട കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നായ ഇന്ന് ചത്തു. രണ്ട് ദിവസം മുന്‍പാണ് പുഷ്പയെയും മകൾ രേഷ്മയെയും വളർത്തുനായ കടിച്ചത്. കടിയേറ്റ ഉടനെ ഇരുവർക്കും പ്രതിരോധ വാക്സിന്‍ നൽകിയിരുന്നു.  

പാലക്കാട്ട് കറവപ്പശുവിന് പേവിഷബാധ

അതിനിടെ, കായംകുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോർട്ടർക്ക് നേരെ തെരുവ് നായ ആക്രമണമുണ്ടായി. കായംകുളം ഏരുവ സ്വദേശി മധുവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇദ്ദേഹത്തെ വാക്സീൻ നൽകുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം, കായംകുളം റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയ ശാസ്താംകോട്ട സ്വദേശിയെ തെരുവ് നായ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.  

തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷൻ അടക്കം പ്രതിരോധ തീവ്ര യജ്‍ഞത്തിന് തുടക്കം,ആദ്യം 170 ഹോട്ട്സ്പോട്ടുകളിൽ

അതിനിടെ, മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ടായ പശ്ചാത്തലത്തിലാണ്  സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.

തൊടുപുഴയിൽ മൃ​ഗഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ, നായ ചത്തു

വെറ്റിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

മുമ്പ് വാക്‌സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. മുമ്പ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ വാക്സീൻ സ്വീകരിച്ച് 7, 21 ദിവസങ്ങളുടെ ഇടവേളയിലാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. ഭാഗീകമായി വാക്‌സിനെടുത്തവരും വാക്‌സിന്‍ എടുത്തതിൻ്റെ രേഖകള്‍ ഇല്ലാത്തവരും ഇത്തരത്തില്‍ മൂന്ന് ഡോസ് വാക്‌സിന്‍ എടുക്കണം.

നേരത്തെ വാക്‌സിന്‍ എടുത്തവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായവര്‍ക്ക് അവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇവര്‍ ഇടപെടാന്‍ പാടുള്ളൂ. വാക്സിനേഷൻ പൂർത്തീകരിച്ച് ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് പൂജ്യം, 3 ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതാണ്. ഇവര്‍ റീ എക്‌സ്‌പോഷര്‍ വിഭാഗത്തിലാണ് വരിക.

 

click me!