Asianet News MalayalamAsianet News Malayalam

പാലക്കാട്ട് കറവപ്പശുവിന് പേവിഷബാധ

മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. 

cow infected with rabies in palakkad
Author
First Published Sep 19, 2022, 3:51 PM IST

പാലക്കാട് : പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. 

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനെ പേയിളകിയതോടെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ടായിരുന്നു. തൃശൂർ പാലപ്പിള്ളി എച്ചിപ്പാറയിൽ  സമാനമായ രീതിയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. സ്ഥിരീകരിച്ചതോടെ  പൊലീസിന്‍റെയും വെറ്ററിനറി സര്‍ജന്‍റെയും അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

ആലപ്പുഴ വണ്ടാനത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ  കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പേവിഷം ബാധിച്ചെന്ന് വ്യക്തമായതോടെ കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

തെരുവ്നായ ആക്രമണം തുടരുന്നു, വടകര താഴെ അങ്ങാടിയിൽ സ്ത്രീക്ക് കടിയേറ്റു

അതിനിടെ, കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ ഏഴു പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല മഞ്ഞാടിയിലെ പക്ഷി മൃഗനിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. ഒരു പ്രകോപനവും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം നായ ആളുകളെ ആക്രമിച്ചത്. ഇതേ തുടർന്ന് നായക്ക് പേവിഷബാധ ഉണ്ടെന്ന സംശയം ശക്തമായിരുന്നു.അതിനാലാണ് ജഡം പോസ്റ്റ് മോർട്ടം ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചത്. നായക്ക് പേവിഷബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. പേവിഷബാധയേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വാക്സിൻ എടുത്തു.

Follow Us:
Download App:
  • android
  • ios