
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ്റെ വിദഗ്ധ ചികിത്സയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടൽ. സിദ്ദിഖ് കാപ്പന്
വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് പിണറായി വിജയൻ യുപി മുഖ്യമന്ത്രിക്ക് കത്തയച്ചു. സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കാൻ ഇടപെടുന്നില്ലെന്നാരോപിച്ച് ഭാര്യയും കുടുംബാംഗങ്ങളും പരാതിപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
രാവിലെയാണ് റൈഹാന സിദ്ദീഖ് ഇങ്ങനെ സങ്കടം പറഞ്ഞത്. ഭാര്യയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും സഹിക്കാവുന്നതിൻ്റെ പരമാവധിയായെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റൈഹാന പറഞ്ഞിരുന്നു. പിന്നാലെ സിദ്ദിഖ് കാപ്പന് നീതിയും വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനും മുസ്ലീം യൂത്ത് ലീഗും സമരങ്ങൾക്കും ആഹ്വാനം ചെയ്തു. ഇതിനിടെ സിദ്ദീഖ് കാപ്പനെ തുടർ ചികിത്സയ്ക്കായി ദില്ലി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പതിനൊന്ന് യുഡിഎഫ് എം പിമാര്‍ കത്തും നല്‍കി. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വീണ് താടിയെല്ല് പൊട്ടിയ സിദ്ദിഖ് കാപ്പനെ ശുചി മുറിയിൽ പോലും പോകാനനുവദിക്കാതെ ആശുപത്രിയില്‍ മൃഗത്തെപോലെ ചങ്ങലക്കിട്ടിരിക്കുകയാണെന്ന് എംപിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.
മാധ്യമ പ്രവര്‍ത്തകനെന്ന നിലയിൽ തന്‍റെ ചുമതലകൾ നിറവേറ്റാനാണ് ഹാത്രാസിലേയ്ക്ക് സിദ്ദിഖ് കാപ്പൻ പോയത്. ഇതിനിടയിലാണ് അറസ്റ്റിലായത്. ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും എം.പിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിൽ വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യനിലയിൽ ജനങ്ങൾക്കും മാധ്യമ സമൂഹത്തിനും ആശങ്കയുണ്ടെന്നും വിഷയത്തിൽ ഇടപ്പെടണമെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam