
തിരുവനന്തപുരം: പാലത്തായി കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം കിട്ടിയത് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
അതേസമയം, ബിജെപി നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും രംഗത്തെത്തി. കേസ് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. സിപിഎം-ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിന് കുഞ്ഞിനെ ഇരയാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചും. ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, രമ്യ ഹരിദാസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാറിനെതിരെ രംഗത്തെത്തി. മുസ്ലിം ലീഗും വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയെ ന്യായീകരിച്ച് രംഗത്തെത്തി. അധ്യാപകനെതിരെയുള്ള കേസ് ഭീകര സംഘടനകളുടെ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസും ലീഗും കഥയറിയാതെ ആട്ടം കാണുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
പ്രാദേശിക ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനാണ് കേസിലെ പ്രതി. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പോക്‌സോ ഒഴിവാക്കിയിരുന്നു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രത്തില്‍ പോക്‌സോ ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. കുട്ടിയുടെ മൊഴിയിലെ വൈരുധ്യവും ശാസ്ത്രീയ പരിശോധന ഫലം വരാനുള്ള കാലതാമസവും കാരണമാണ് പോക്‌സോ ഒഴിവാക്കിയതെന്നും അന്വേഷണം തുടരുകയാണെന്നും അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam