
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പദ്ധതി ജിഎസ്ടി രജിസ്ട്രേഷൻ പരിധിയിൽ വരാത്ത സാധാരണക്കാരായ ചെറുകിട വ്യാപാരികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കെയ്റ്റ് ദേശീയ സെക്രട്ടറിയുമായ എസ്എസ് മനോജ് ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് പരിഹാരമായി ഈ പദ്ധതി മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട വ്യാപാരികൾ നിലവിൽ അനുഭവിക്കുന്ന കഷ്ടതകൾ അദ്ദേഹം അക്കമിട്ട് നിരത്തി. ബാങ്കുകൾ ഉയർന്ന സിബിൽ സ്കോർ കർശന മാനദണ്ഡമാക്കുന്നത് വായ്പ ലഭിക്കുന്നതിന് തടസ്സമാകുന്നു. ബാങ്കുകൾ കൈമലർത്തുന്നതോടെ ഉയർന്ന പലിശയ്ക്ക് സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കാൻ വ്യാപാരികൾ നിർബന്ധിതരാവുകയാണ്. ഉയർന്ന പലിശയും കുറഞ്ഞ ലാഭവും കാരണം വ്യാപാരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പലരും കടകൾ പൂട്ടുന്ന അവസ്ഥയിലാണ്.
കോവിഡ് മഹാമാരി ഏൽപ്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും പല വ്യാപാരികളും ഇപ്പോഴും കരകയറിയിട്ടില്ല. സർക്കാർ ഗ്യാരണ്ടിയിൽ ലഭിക്കുന്ന സ്വാനിധി ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾക്ക് വലിയൊരു കൈത്താങ്ങായിരിക്കും. ഈ ആശയം സർക്കാർ നടപ്പിലാക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും, ചെറുകിട വ്യാപാരികളെ ഇതിൽ നിന്നും ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഓരോ ബജറ്റ് ചർച്ചകളിലും സംഘടന ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ് എന്നും എസ്എസ് മനോജ് പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കേരളത്തിൽ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam