
ആലപ്പുഴ: പുന്നപ്രയിൽ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബർ -31ന് രാത്രിയായിരുന്നു മർദ്ദനം. പരിക്കേറ്റ അമൽ ബാബുവിനെ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്നും ആരോപണമുണ്ട്. 'വണ്ടിയിൽ നിന്ന് വീണെന്ന് പറയാൻ പൊലീസ് ഭീഷണിപ്പെടുത്തി'. വില കൂടിയ മൊബൈൽ ഫോൺ പുന്നപ്ര പൊലീസ് നശിപ്പിച്ചെന്നും അമൽ ആരോപിക്കുന്നു. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നും മർദിച്ചിട്ടില്ല എന്നും ആണ് പുന്നപ്ര പൊലീസിൻ്റെ വിശദീകരണം.
പുതുവത്സരരാത്രിയിൽ ബൈക്കിൽസഹോദരിയെ വീട്ടിലാക്കി മടങ്ങി വരും വഴി പൊലീസ് കൈകാണിച്ചിരുന്നു. എന്നാൽ വണ്ടി നിർത്താതെ അമൽ ബാബു പോയി എന്ന് പറഞ്ഞ് പൊലീസ് അടിച്ചു വീഴ്ത്തി എന്നാണ് പരാതി. തെറി വിളിച്ചു എന്നു പറഞ്ഞാണ് പൊലീസ് മർദ്ദിച്ചതെന്നും അമൽ ബാബു പറയുന്നു.
എന്നാൽ അമൽ ബാബുവിൻ്റെ ആരോപണങ്ങൾ പൊലീസ് നിഷേധിക്കുന്നു. ഒമിക്രോൺ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊലീസ് വ്യാപകപരിശോധന നടത്തിയിരുന്നു. ഇങ്ങനെ രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കേസെടുത്തിരുന്നുവെന്നും അതല്ലാതെ ആരേയും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
ബൈക്കിൽ നിന്നും അടിച്ചു താഴെ വീഴ്ത്തിയ തന്നെ പിന്നെ പുനമ്പ്ര സ്റ്റേഷനിലിട്ട് മർദ്ദിച്ചെന്നും പിറ്റേന്ന് വൈദ്യപരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ബൈക്കിൽ നിന്നും വീണ് സംഭവിച്ചതാണെന്ന് പറയണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമൽ പറയുന്നു. പൊലീസ് വേട്ടയാടുമെന്ന ഭീഷണിയിൽ ആണ് മർദ്ദനമേറ്റ കാര്യം ആശുപത്രിയിൽ പറയാതിരുന്നതെന്നും അമൽ പറയുന്നത്. അമലിൻ്റെ ശരീരത്തിൽ വലത് കൈ ഒഴികെ ബാക്കിയെല്ലാ ഭാഗത്തും സാരമായ പരിക്കേറ്റിട്ടണ്ട്. അമലിനെതിരെ പുന്നമ്പ്ര സ്റ്റേഷനിൽ ഒരു പെറ്റിക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.