
കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക് എത്താന് പൊലീസ് ശ്രമം. എബിന്റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില് വിശദ സൈബര് പരിശോധന നടത്തും. വിവരങ്ങള് തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക പ്രശ്നമുണ്ടെന്നതില് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില് തെരഞ്ഞതായി പൊലീസ് കണ്ടെത്തി. എബിന് വിവിധ ആയുധങ്ങളെക്കുറിച്ച് സൈറ്റുകളില് നിരന്തരം തെരച്ചില് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സെര്ച്ച് ഹിസ്റ്ററിയിൽ നിന്നും ടെലഗ്രാം ചാറ്റുകളിൽ നിന്നും ഇതിനുള്ള തെളിവ് ലഭിച്ചു. അതേസമയം കേന്ദ്ര ഏജന്സികള് എബിനെ ചോദ്യം ചെയ്യുന്നത് തുടരും. ഇന്നലെയും പ്രതിയെ ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 12-ാം തീയതി പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) എറണാകുളം മാർക്കറ്റിന് അകത്തുള്ള കാവുംഭാഗം സിനഗോഗിന് മുന്നിലെ ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. തുടര്ന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സ്ഥലം വിട്ടെങ്കിലും മണിക്കൂറുകൾക്കകം പുത്തൻകുരിശിലെ വാടകവീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ തീവ്രവാദ ബന്ധം പൊലീസ് സംശയിക്കുന്നുണ്ട്. സിനഗോഗിന് തീയിട്ടതുമായി ബന്ധപ്പെട്ട് എബിൻ, ബോസ് എന്ന ഐഡിയുമായി ടെലഗ്രാം ചാറ്റ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ബോസ് എന്നയാളുടെ അക്കൗണ്ടിലേക്ക് ക്രിപ്റ്റോ കറൻസി ഇടപാടും നടത്തിയിട്ടുണ്ട്. പ്രതിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 105 ഗ്രാം രാസലഹരി വസ്തുക്കൾ പൊലീസ് കണ്ടെത്തി.
എബിൻ നിരവധി ഗ്രൂപ്പുകളിൽ അംഗമാണെന്ന് ഫോൺ പരിശോധനയിൽ കണ്ടെത്തിയതായി എറണാകുളം ഡിസിപി അരുൺ കെ പവിത്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനഗോഗിന് തീയിട്ടതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ചില ഗ്രൂപ്പുകളിൽ നിന്ന് കണ്ടെത്തി. ഇതിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചോദ്യംചെയ്യലിനിടെ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടിരുന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam