
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം മറ്റൊരു തട്ടിപ്പെന്ന സംശയത്തിൽ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് മോൻസന്റെ പരാതി. കഴിഞ്ഞവർഷവും മോൻസൺ മോഷണപരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പരാതി വ്യാജമാണെന്നായിരുന്നു തുടർന്നുള്ള കണ്ടെത്തൽ.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വാടക വീട്ടിൽ വീണ്ടും മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടില്‍ നിന്നും ഏകദേശം 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയതായി മോന്‍സന്റെ അഭിഭാഷകന്‍. ഹൈക്കോടതി ഉത്തരവ് പ്രകാരം വീട്ടിലെ സാധനങ്ങള്‍ തിട്ടപ്പെടുത്താന്‍ മോന്‍സണുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെടുന്നത്.
പുരാവസ്തു മ്യൂസിയം കണക്കെ മാറ്റിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എടുക്കാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. പിന്നാലെ വസ്തുക്കൾ തിട്ടപ്പെടുത്താൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങി മോൻസൻ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിന്റെ ഒരു ഭാഗം പൊളിഞ്ഞ് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സിസിടിവി പൊളിച്ച് മാറ്റിയ നിലയിലായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്ന മോന്‍സന്റെ പരാതിയിൽ നോർത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനുള്ളില്‍ ഉണ്ടായിരുന്ന സ്വർണ്ണം പൊതിഞ്ഞ ഖുർആൻ, വാച്ചുകൾ, മോതിരം തുടങ്ങി ഏകദേശം 20 കോടിയോളം വിലവരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെതായി മോന്‍സന്റെ അഭിഭാഷകന്‍ എം.ജി ശ്രീജിത്ത്. രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു.
രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മോന്‍സന്റെ വീടും സാധനങ്ങളും പരാതിയെത്തുടർന്ന് ഉടമസ്ഥർക്ക് നൽകിയിരുന്നു. സംഭവത്തിൽ ഉടമസ്ഥരും അഭിഭാഷകനും പോലീസിലും മോൻസൻ ജയിൽ സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam