എറണാകുളത്തെ എല്ലാ ക്വാറികളിലും പരിശോധന നടത്താൻ പൊലീസിന് നിർദേശം

By Web TeamFirst Published Sep 22, 2020, 4:08 PM IST
Highlights

ജില്ലയിലെ മുഴുവൻ പാറമടകളുടേയും ലൈസൻസ് പൊലീസ് പരിശോധിക്കും. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും. 

എറണാകുളം: മലയാറ്റൂർ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ  എറണാകുളത്തെ മലയോര മേഖലയിലെ മുഴുവൻ ക്വാറികളിലും പരിശോധന നടത്താൻ നിര്‍ദ്ദേശം. റൂറല്‍ എസ്.പി. കെ.കാര്‍ത്തികാണ് പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്പിമാര്‍ക്ക്  ക്വാറികളിൽ പരിശോധന നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. 

ജില്ലയിലെ മുഴുവൻ പാറമടകളുടേയും ലൈസൻസ് പൊലീസ് പരിശോധിക്കും. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും. മലയാറ്റൂര്‍ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം എറണാകുളം മലയാറ്റൂരില്‍ സ്ഫോടനമുണ്ടായ പാറമടയുടെ ഉടമടകള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 

മലയാറ്റൂര്‍ നീലിശ്വരം സ്വദേശികളായ ബെന്നി പുത്തൻ, റോബിൻസ് എന്നിവര്‍ക്കായി ഓഫീസുകളിലും ബന്ധുവീടുകളിലും  തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. കാലടി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.  പാറമടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗയുമാണ് മരിച്ചത്.

വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പെട്രോളിയം ആന്റ്  എക്സ്പ്ലോസീവ്സ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാറമടയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ഉടൻ ഉണ്ടാകും.

click me!