
മലപ്പുറം: യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് പരിശോധനക്ക് എത്തുമെന്ന് പൊലീസിൻ്റെ അറിയിപ്പ്. വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞതായി ഭാര്യ റൈഹാനത്ത് പ്രതികരിച്ചു.
സുപ്രീം കോടതിയും ലക്ക്‌നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിക്കുകയും, സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ സിദ്ദീഖ് കാപ്പന് യാതൊരു മടിയുമില്ല. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ലെന്നും ഭാര്യ റൈഹാനത്ത് പറഞ്ഞു.
ഇന്ന് വൈകീട്ട് പൊലീസുകാർ വന്ന സമയത്തും സിദ്ദീഖ് കാപ്പൻ വീട്ടിലുണ്ടായിരുന്നു. അതേസമയം പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം. അർധരാത്രിയിലെ പരിശോധന ഒഴിവാക്കാൻ ആലോചിക്കുന്നുണ്ടെന്നും പൊലീസ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam