
ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു. തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1989ൽ അന്നത്തെ പോസ്റ്റൽ വോട്ടുകൾ സിപിഎം ഓഫീസിലെത്തി തിരുത്തിയെന്നായിരുന്നു സുധാകരൻ്റെ വെളിപ്പെടുത്തൽ. എൻജിഒ സമ്മേളന വേദിയിലായിരുന്നു പരാമർശം. വിവാദമായതോടെ ജി സുധാകരൻ തന്നെ പരാമർശം തിരുത്തുകയും ചെയ്തു.
പരാമർശം പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന് വേണ്ടി അന്നത്തെ ബാലറ്റ് പേപ്പറുകൾ കണ്ടെത്തേണ്ടിയിരുന്നു. എന്നാൽ ഇത് കണ്ടെത്താനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും 36 വർഷം മുമ്പുള്ള രേഖകൾ കണ്ടെത്താനായില്ലെന്ന് കളക്ടർ മറുപടി നൽകി. ഇതോടെ ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ മേധാവിക്ക് റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പ് രേഖകൾ ലഭ്യമല്ലെന്നും പ്രാഥമിക രേഖകൾ ഇല്ലാതെ കേസന്വേഷണം നടത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് അംഗീകരിച്ച് കഴിഞ്ഞാൽ കോടതി കൂടി അംഗീകരിക്കണം.