കെസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പലതും പാളിയെന്നതിന്‍റെ സാക്ഷ്യപ്പെടുത്തലാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. പഞ്ചാബ് കൂടി കൈവിട്ടു. ഇനി രണ്ടേ രണ്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രബല കക്ഷിയായി അധികാരത്തിലിരിക്കുന്നത്.


ദില്ലി: കെ സി വേണുഗോപാൽ, പയ്യന്നൂരിനടുത്ത് കടന്നപ്പള്ളിയെന്ന ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റും, ലോകസഭാംഗവും കേന്ദ്ര മന്ത്രിയും ഒക്കെയായി ഒടുവിൽ എഐസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനം വരെ വളർന്നു പന്തലിച്ച നേതാവ്. ഹൈക്കമാൻഡിന്‍റെ വിശ്വസ്തൻ, ഒന്ന് കൂടി തെളിച്ച് പറഞ്ഞാൽ രാഹുൽ ​ഗാന്ധിയുടെ വിശ്വസ്തൻ. അമേഠിയിലെ തോൽവി മണത്ത് വയനാടെന്ന സുരക്ഷിത മണ്ഡലത്തിൽ രാഹുലിനെ മത്സരിപ്പിച്ച ബുദ്ധി കെസിയുടേതാണെന്നാണ് കഥ. പക്ഷേ അതിനപ്പുറം കെസിയുടെ ചാണക്യ തന്ത്രങ്ങൾ കൊണ്ട് പാർട്ടിക്ക് എന്ത് ഗുണമുണ്ടായെന്ന ചോദ്യമാണ് ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ ഉയരുന്നത്. 

കെസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പലതും പാളിയെന്നതിന്‍റെ സാക്ഷ്യപ്പെടുത്തലാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. പഞ്ചാബ് കൂടി കൈവിട്ടു. ഇനി രണ്ടേ രണ്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രബല കക്ഷിയായി അധികാരത്തിലിരിക്കുന്നത്. ഒന്ന് ഛത്തീസ്ഗഡ്, രണ്ട് രാജസ്ഥാൻ. കോൺ​ഗ്രസ് തക‌ർന്നടിഞ്ഞ് കിടക്കുമ്പോൾ 2017 മുതൽ സംഘടനയുടെ കാര്യക്കാരനായി നിൽക്കുന്ന കെസി വേണുഗോപാലെന്ന പഴയ വോളിബോൾ ക്യാപ്റ്റന് അതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാനാവില്ല. 

നല്ലൊരു വോളിബോൾ കളിക്കാരനായിരുന്നു കെ സി വേണു​ഗോപാൽ, കേരള രാഷ്ട്രീയത്തിന്റെ കോ‌ർട്ടിലും ആ മെയ്വഴക്കവും സ്മാഷുമൊക്കെ നമ്മൾ കുറേ കണ്ടതാണ്. പക്ഷേ ടീമിനെ ജയിപ്പിക്കാനായില്ലെങ്കിൽ എന്ത് ഗുണം ? എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ 'സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി' സംഘടനാപരമായി ഏറെ ഉയർന്ന പദവിയാണ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. അതായത് ഉത്ത‌ർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ​ഗാന്ധിയേക്കാളും, ആന്ധ്രയുടെ ചുമതലക്കാരനായ സാക്ഷാൽ ഉമ്മൻ ചാണ്ടിയേക്കാളും സാങ്കേതികമായി ഉയ‌ർന്ന പദവിയാണ് കടന്നപ്പള്ളിക്കാരൻ കെ സി വേണു​ഗോപാലിന്റേത്. 

രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലുമുള്ള ഭരണപരിചയം, കർണ്ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനം എന്നിങ്ങനെ കുറേ ​ഗുണങ്ങളാണ് വേണു​ഗോപാലിൽ ഹൈക്കമാൻഡ് കണ്ടത്. ഇടയ്ക്കൊന്ന് സോളാർ വിവാദത്തിൽ തട്ടിയെങ്കിലും മറ്റ് വലിയ അപകടങ്ങളൊന്നും കെ സി വേണു​ഗോപാലിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്ത് കൊണ്ടും കെ സി യോഗ്യനാണെന്ന് വിലയിരുത്തി ഹൈക്കമാൻഡ്. അങ്ങനെയാണ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയിലേക്കുള്ള വളർച്ച. 

2017ൽ ചുമതലയേറ്റ കെസി വേണുഗോപാലിന്റെ മുന്നിലുള്ള വെലുവിളി അടുത്ത വർഷത്തെ പ്രധാന തെരഞ്ഞെടുപ്പുകളായിരുന്നു. 2018ൽ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ത്രിപുര, മേഘാലയ, നാഗാലാൻഡ്, കർണാടക, ഛത്തീസ്‍ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന. തെരഞ്ഞെടുപ്പ് നേരിടുമ്പോൾ മേഘാലയിലും, കർണാടകയിലും, മിസോറാമിലും കോൺഗ്രസായിരുന്നു അധികാരത്തിൽ. ക‌ർണാടകത്തിൽ 122 സീറ്റുണ്ടായിരുന്ന കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 80 സീറ്റിലേക്ക് വീണു. 42 സീറ്റാണ് പോയത്. കേവല ഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കുമായില്ല, എറ്റവും കൂടുതൽ സീറ്റ് ബിജെപിക്കും. പക്ഷേ കുമാരസ്വാമിയെ കൂടെക്കൂട്ടി അവിടെ അധികാരം ബിജെപിക്ക് പോവാതെ കാത്തുവെന്നത് മാത്രമായിരുന്നു ആശ്വാസം. (ആ കൂട്ടുകെട്ടിന് പിന്നിൽ ഡി കെ ശിവകുമാറായിരുന്നു ). മേഘാലയയും കൈവിട്ട് പോയി. ചത്തീസ്ഗഡ് പിടിച്ചു. മധ്യപ്രദേശും രാജസ്ഥാനും തെരഞ്ഞെടുപ്പിൽ ജയിച്ചുവെങ്കിലും പിന്നീട് നടന്നത് ആരും മറന്നു കാണില്ല. 

2019 ലോകസഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. വയനാട്ടിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ രാഹുൽ ഗാന്ധി ലോകസഭയിൽ പോലും എത്തില്ലായിരുന്നു. വെറും 52 സീറ്റിലേക്ക് കോൺഗ്രസ് എന്ന രാജ്യത്തെ എറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടി ഒതുങ്ങി. 

മധ്യപ്രദേശിൽ 15 മാസം കൊണ്ട് സർക്കാർ വീണു. എംഎൽഎമാർ കൂറുമാറിയതും, ജ്യോതിരാദിത്യ സിന്ധ്യയെന്ന യുവ നേതാവിനെ ബിജെപി കൊണ്ടുപോയതും നോക്കി നിൽക്കാനേ കോൺഗ്രസിനായുള്ളൂ. രാജസ്ഥാനിൽ ഗെഹ്ലോട്ട് സച്ചിൻ പൈലറ്റ് പോരും, രാഷ്ട്രീയ പ്രതിസന്ധിയും ഒരുവിധം കടന്നു കൂടിയെങ്കിലും അതിന്‍റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. പഞ്ചാബിൽ അമരീന്ദർ സിംഗിനെ വിട്ടു കളഞ്ഞും സിദ്ദുവിനെ മുറുകെ പിടിച്ചും നടത്തിയ നീക്കവും പാളി.

മഹാരാഷ്ട്രയിൽ മഹാഘട്ട് ബന്ധന്‍റെ ഭാഗമായത് കൊണ്ട് അധികാരത്തിൽ പങ്കുണ്ട്. ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ കൂട്ടുണ്ട്. തമിഴ്നാട്ടിൽ സ്റ്റാലിന്‍റെ സാമന്ത പാർട്ടിയാണ് കോൺഗ്രസിപ്പോൾ. കേരളത്തിൽ തുടർച്ചയായി രണ്ടാം വട്ടം പ്രതിപക്ഷത്താണ്. വെൻ്റിലേറ്ററിലായ പാർട്ടിയെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്ന ചോദ്യത്തിന് തൽക്കാലം ആർക്കും ഉത്തരമില്ല. പാർട്ടിയെ ഉയർത്താൻ ക്രിയാത്മകമായ ഒരു നീക്കവും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കേരളത്തിൽ തന്നെ പല നേതാക്കൾക്കും കെ സി വേണുഗോപാലിനോട് താൽപര്യമില്ല. ഇവിടെയുള്ളവരെ ഒതുക്കാനാണ് കെ സി ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്. 

പാഠം പഠിക്കുമെന്നും ആത്മപരിശോധന നടത്തുമെന്നുമാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. കോൺഗ്രസിലെ തിരുത്തൽ ശക്തിയാകാൻ ശ്രമിക്കുന്ന ഗ്രൂപ്പ് 23 ഇനിയെന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണണം. തോൽവി പഠിക്കാൻ സമിതിയെ നിയോഗിക്കുക, ആ റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതും കോൺഗ്രസിലെ പതിവാണ്. അതാവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്. എന്തായാലും തോല്‍വിയില്‍ തുടങ്ങിവെക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും. നേതൃമാറ്റമെന്ന ആവശ്യം ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും മുഖവിലക്കെടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

സംഘടന നിർജ്ജീവമാണ്. അടിത്തട്ടിൽ ആളുമില്ല പ്രവർത്തനവുമില്ലെന്ന നിലയാണ്. തലയെടുപ്പുള്ള നേതാക്കൾ പാർട്ടി വിട്ട് പോകുന്നത് നോക്കി നിൽക്കാനേ ദേശീയ നേതൃത്വത്തിന് കഴിയുന്നുള്ളൂ. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറിക്ക് ഇതിന്‍റെയെല്ലാം ഉത്തരവാദിത്വമില്ലേ എന്നതാണ് ചോദ്യം. രാഹുലിനെതിരെ ചോദ്യങ്ങളുയരുമ്പോൾ കൂട്ടുത്തരവാദിയായി കെസിയും ഒപ്പമുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.