
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് ബിജെപി. പതിറ്റാണ്ടുകളായുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകാൻ കഴിയാത്ത സർക്കാരിലെ മന്ത്രിമാർ ജനങ്ങളോട് വീട്ടുപകരണങ്ങൾ ഓഫ് ചെയ്യാൻ ഉപദേശിക്കുകയാണ്. ഇത് ഭരണനിർവഹണമല്ല, ഭരണപരാജയം മറച്ചുവെക്കാനുള്ള കുതന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിവിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിന് പകരം, സർക്കാർ സാധാരണക്കാരായ കുടുംബങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
‘’കോൺഗ്രസ്-ലീഗ് ഭരണത്തിന്റെ കഴിഞ്ഞ 120- ഓളം ദിവസങ്ങൾ തന്നെ, വരാനിരിക്കുന്ന നാല് വർഷങ്ങൾ എത്രമാത്രം ഭയാനകമായിരിക്കും എന്നതിന്റെ ഒരു മുന്നറിയിപ്പാണ്.
ജനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകാൻ കഴിയാത്ത ഒരു സർക്കാരിലെ മന്ത്രിമാർ, ജനങ്ങളോട് വീട്ടുപകരണങ്ങൾ ഓഫ് ചെയ്യാൻ ഉപദേശിക്കുന്നു! ഇത് ഭരണനിർവഹണമല്ല, സ്വന്തം ഭരണപരാജയം മറച്ചുവെക്കാനുള്ള ഒരു കുതന്ത്രം മാത്രമാണ്.
വൈദ്യുതി വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിന് പകരം, സർക്കാർ സാധാരണക്കാരായ കുടുംബങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണ്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ് , പതിറ്റാണ്ടുകളായുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധിക്ക് കാരണം
🟥 സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത (Peak demand) 6,033 മെഗാവാട്ട് കടന്നിട്ടും, ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനത്തിനായി ഇന്നും കേരളം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
🟥 കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് 13,344 കോടി രൂപയായി കുതിച്ചുയർന്നു. അടിയന്തര ആവശ്യങ്ങൾക്കായി യൂണിറ്റിന് 9 മുതൽ 15 രൂപ വരെ ഭീമമായ തുക നൽകിയാണ് ഇപ്പോൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടുന്നത്.
🟥 മുൻകൂട്ടിയുള്ള ആസൂത്രണമില്ലാതെ കടന്നുപോയത് 20 വർഷങ്ങൾ! വ്യക്തമായ ഒരു 'എനർജി മാസ്റ്റർ പ്ലാൻ' പോലുമില്ല, ഊർജ്ജ സ്വയംപര്യാപ്തതയും കൈവരിച്ചിട്ടില്ല. സന്ധ്യാസമയങ്ങളിലെ കടുത്ത വൈദ്യുതിക്ഷാമം പരിഹരിക്കാൻ ആവശ്യമായ സംഭരണ സംവിധാനങ്ങൾ (Storage) ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടു.
🟥 ഇടുക്കി പദ്ധതിക്ക് ശേഷം മാറിമാറി ഭരിച്ച സിപിഎം, കോൺഗ്രസ് സർക്കാരുകൾ, വൻകിട ആഭ്യന്തര വൈദ്യുതോൽപ്പാദന പദ്ധതികളെ പൂർണ്ണമായും അവഗണിച്ചു.
ജനങ്ങൾക്ക് വേണ്ടത് വളരെ ലളിതമായ കാര്യങ്ങളാണ്! പഠിക്കാനും, ജോലി ചെയ്യാനും, ഈ കൊടുംചൂടിൽ സമാധാനത്തോടെ ഉറങ്ങാനും ആവശ്യമായ വൈദ്യുതി.
എന്നാൽ അവർക്ക് തിരികെ കിട്ടുന്നതോ, ഭരണാധികാരികളുടെ ഉപദേശങ്ങളും ലോഡ്ഷെഡ്ഡിംഗും മാത്രം!
ദീർഘവീക്ഷണമില്ലായ്മയിലും, പൊതുസംവിധാനങ്ങൾ തകർത്തതിലും, ജനങ്ങളെ ദുരിതത്തിലാക്കിയതിലും കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്!
ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവരെ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam