മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എ പി വിഭാഗത്തിന്റെ ആസ്ഥാനമായ മര്‍ക്കസിലെ പരിപാടിയിൽ പങ്കെടുത്തു. സമസ്ത പിളർപ്പിന് ശേഷം ആദ്യമായാണ് ലീഗ് അധ്യക്ഷൻ എപി വിഭാഗം ആസ്ഥാനത്ത് എത്തുന്നത്. മലേഷ്യൻ പ്രധാനമന്ത്രിയുടെ സസന്ദര്‍ശനത്തിനിടെയാണ് ഇരുവരും എത്തിയത്.
കോഴിക്കോട്: 45 വർഷത്തിന് ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മർക്കസ് ആസ്ഥാനത്ത്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് സാദിഖലി തങ്ങൾ എ പി വിഭാഗത്തിന്റെ ആസ്ഥാനമായ മര്‍ക്കസിലെ പരിപാടിയിൽ പങ്കെടുത്തത്. സമസ്ത പിളർപ്പിന് ശേഷം ആദ്യമായാണ് ലീഗ് അധ്യക്ഷൻ എപി വിഭാഗത്തിന്റെ ആസ്ഥാനത്ത് എത്തുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തിനിടെയാണ് ലീഗ് നേതാക്കൾ കാന്തപുരത്തെ കണ്ടത്.
മർക്കസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. മർക്കസിലെ പ്രാർത്ഥന ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. കാന്തപുരത്തൊടൊപ്പം കൊടുവള്ളി മടവൂര്‍ സി.എം. മഖാം സന്ദര്‍ശിച്ച ശേഷം ചേലേമ്പ്രയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മലേഷ്യൻ പ്രധാനമന്ത്രി മടങ്ങും. നാളെ ഗവർണറും മുഖ്യമന്ത്രി വി ഡി സതീശനും മലേഷ്യൻ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാല് മണിക്ക് കാക്കഞ്ചേരി വെൽനെസ് സെന്ററിൽ വച്ചാണ് കൂടിക്കാഴ്ച. മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടാകും.
