ന്യൂ മാഹി ഇരട്ടക്കൊലകേസ്: പ്രതികളെ വെറുതെ വിട്ടത് ഭരണത്തിന്റെ തണലിൽ പൊലീസ് നൽകിയ പിന്തുണയെന്ന് സൂചിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ

Published : Oct 08, 2025, 12:01 PM ISTUpdated : Oct 08, 2025, 12:49 PM IST
advocate p premarajan

Synopsis

അന്വേഷണത്തിലെ അപാകത പൊലീസിന്റെ വീഴ്ചയാണെന്ന് പരോക്ഷമായി സൂചിപ്പിച്ചാണ് പ്രോസിക്യൂഷൻ്റെ പ്രതികരണം. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കയാണ് അന്വേഷണം നടന്നതെന്നും പ്രോസിക്യൂഷൻ. 

കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലകേസിൽ പ്രതികളെ വെറുതെ വിടാൻ ഇടയായത് അന്നത്തെ ഭരണത്തിന്റെ തണലിൽ പൊലീസ് നൽകിയ പിന്തുണയെന്ന് സൂചിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ തന്നെ രംഗത്തെത്തി. വിധി പ്രസ്താവത്തിന് ശേഷമാണ് പ്രതികരണം. 2010ൽ കൊലപാതകം നടക്കുമ്പോൾ ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. റോഡരികിൽ പരസ്യമായി ഇരട്ട കൊലപാതകം നടന്നിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ല. പിന്നീട് ഇവർ സമയമെടുത്ത് സ്വമേധയാ കോടതിയിൽ ഹാജരാവുകയായിരുന്നു. 

ജയിൽ ഉദ്യോഗസ്ഥരെ തല്ലുന്ന പ്രതികൾക്കെതിരെ നിഷ്പക്ഷമായി സാക്ഷി പറയാൻ ആളെ കിട്ടിയില്ലെന്നും കോടതി വിധിയിൽ അപ്പീൽ പോകുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി പ്രേമരാജൻ പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്ന് പ്രതിഭാഗവും പ്രതികരിച്ചു. തെളിവുകളും കെട്ടിച്ചമച്ചതാണ്. ബോംബ് സ്ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നെന്നും ദൃക്സാക്ഷികളായി ഹാജരാക്കിയത് മൂന്ന് ബിജെപി പ്രവർത്തകരെയായിരുന്നുവെന്നും സികെ ശ്രീധരൻ പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരായ യുവാക്കൾ കൊല്ലപ്പെട്ട കേസിലാണ് 14 സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത്.

മാഹിയോട് അടുത്ത പ്രദേശത്ത് 2010ൽ നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം നടന്ന ശേഷവും പൊലീസിന് കാര്യമായ അനക്കം ഉണ്ടായിരുന്നില്ല. പിന്നീട് ഇതേ പ്രതികളിൽ ചിലർ തന്നെയാണ് ടിപി ചന്ദ്രശേഖരൻ വധത്തിലും പങ്കാളികളായത്. പ്രതികൾ നടത്തിയത് പാർട്ടിക്കുവേണ്ടിയുള്ള പോലെയെന്ന് അന്നേ വ്യക്തമായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞാണ് കൊലപാതകം നടത്തിയത്. അത് പരിസരവാസികൾ ഒക്കെ കേട്ടതാണ്. പക്ഷേ കോടതിയിൽ എത്തിയപ്പോൾ സ്ഫോടക വസ്തു എറിഞ്ഞതിന് പോലും തെളിവില്ലായിരുന്നു. തെളിവ് ശേഖരണത്തിലും അന്വേഷണത്തിലും പൊലീസിന് കാര്യമായ വീഴ്ച പറ്റിയെന്ന് ചുരുക്കം. ഇത് മനപ്പൂർവമായ വീഴ്ചയാണോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഏതായാലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിരന്തരം രാഷ്ട്രീയ സംഘർഷങ്ങളിൽ പങ്കാളികളാകുന്നവരാണ് പ്രതികൾ എന്നതിനാൽ പൊലീസിന്റെ വീഴ്ച മനപ്പൂർവ്വം ആണോ എന്ന് സംശയിക്കേണ്ടിവരും. ഇതേ കേസിന്റെ കാലയളവിൽ പൊലീസ് കാവലിൽ പ്രതികൾക്ക് ബാറിൽ കയറി മദ്യപിക്കാൻ സൗകര്യം പോലും ഒരുക്കിയത് വിവാദമായിരുന്നു. കീഴ് കോടതി തന്നെ ഇത്രയും സുപ്രധാനമായ ഒരു കേസിൽ പ്രതികളെ വെറുതെ വിടുന്നത് അസാധാരണമാണ്. അത്രയ്ക്ക് ദുർബലമായി ഈ കേസ് അന്വേഷിച്ചു കുറ്റപത്രം നൽകിയ നടപടിക്രമങ്ങൾ എന്നുവേണം വിലയിരുത്താൻ. 

പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി

പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും തലശ്ശേരി അഡീഷ്ണൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. 2010 മെയ് 28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾ നടന്നത്. കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. സുജിത്ത്, ടികെ സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് മറ്റു പ്രതികൾ.

കഴിഞ്ഞ ജനുവരിയിലാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൂന്ന് ഉദ്യോ​ഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടിപി കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ജയിലിൽ കഴിയുന്ന കൊടിസുനിയെ ഉൾപ്പെടെ വിചാരണക്കായി കോടതിയിൽ എത്തിച്ചിരുന്നു.

30 വയസിന് താഴെ പ്രായമുള്ളവരായിരുന്നു കേസിലെ പ്രതികൾ. വിജിത്ത്, ഷിനോജ് എന്നീ യുവാക്കൾ മാഹി കോടതിയിൽ പോയിവരുന്നതിനിടെയായിരുന്നു ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വീഴ്ത്തിയായിരുന്നു കൊലപാതകം. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സികെ ശ്രീധരനും കെ വിശ്വനുമാണ് ഹാജരായി.

 

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും