Latest Videos

ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി; ഏറ്റുമുട്ടല്‍‌ മന്ത്രിയുടെ സാന്നിധ്യത്തില്‍, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Jul 25, 2021, 11:38 AM IST
Highlights

അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ഹോട്ടലില്‍ തുടരുകയാണ്.

കൊച്ചി: കൊച്ചിയില്‍ യോഗത്തിനിടെ ഐഎന്‍എല്‍ നേതാക്കള്‍ തമ്മിലടിച്ച് പിരിഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെ ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ഹോട്ടലില്‍ തുടര്‍ന്ന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരിനും, മന്ത്രി അഹമ്മദ് ദേവർകോവിലിനും എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തി. 

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്‍റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു.  ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിര്‍ത്തിവെച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും തമ്മില്‍ അടിക്കുന്നവരല്ല പ്രവര്‍ത്തകരെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയവര്‍ക്ക് എതിരെ നടപടിയുണ്ടാവും. വൈകുന്നേരം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ എല്ലാം വിശദീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച് അറിയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യോഗം ചേര്‍ന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന ഭാരവാഹികള്‍ വൈകുന്നേരം കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസം കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നതില്‍ ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!