
തിരുവനന്തപുരം: സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യമെന്ന് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഊതിപ്പെരുപ്പിച്ച നുണ പ്രചാരണത്തിലൂടെയും പിആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മ, വിലക്കയറ്റം, കടബാധ്യത എന്നിവയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റുന്ന ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് എന്നാണ് ബിജെപിയുടെ ആവശ്യം. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്. കഴിഞ്ഞ 10 വർഷം ജനദ്രോഹം മാത്രം അജണ്ടയാക്കിയ സംസ്ഥാന സർക്കാരിൽ നിന്ന് ജനക്ഷേമപരമായ നയങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായ സംസ്ഥാനത്തെ സൃഷ്ടിച്ചു എന്നതാണ് പിണറായിയുടെ പത്തു വർഷത്തെ നേട്ടം. ഒരു സർക്കാർ എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ പിണറായി ഭരണമെന്നും രാജീവ് ചന്ദ്രശേഖർ.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബഡ്ജറ്റായി ഇത് മാറാൻ പോകുകയാണ്. അതുകൊണ്ടുതന്നെ അവസാനമായി കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ ബജറ്റിൽ ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam