Dheeraj murder: കൊലപാതക രാഷ്ട്രീയത്തെ തള്ളിയും സിപിഎമ്മിന്‍റെ കാപട്യം തുറന്നുകാട്ടിയും രാജ്മോഹന്‍ ഉണ്ണിത്താന്‍

Published : Jan 12, 2022, 03:04 PM IST
Dheeraj murder: കൊലപാതക രാഷ്ട്രീയത്തെ തള്ളിയും സിപിഎമ്മിന്‍റെ കാപട്യം തുറന്നുകാട്ടിയും രാജ്മോഹന്‍ ഉണ്ണിത്താന്‍

Synopsis

പുരോഗമന സമൂഹത്തിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല. എന്‍റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്മാര്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അനുഭവിച്ച അത് ഹൃദയ വേദനയാണ് ധീരജ് കൊല ചെയ്യപ്പെട്ടപ്പോള്‍ തോന്നിയത്. 

ഇടുക്കിയില്‍ എസ്എഫ്ഐ അനുയായി കൊല്ലപ്പെട്ടതില്‍ കൊലപാതക രാഷ്ട്രീയത്തെ തള്ളിയും സിപിഎമ്മിനെ വിമര്‍ശിച്ചും കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പുരോഗമന സമൂഹത്തിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല. എന്‍റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്മാര്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അനുഭവിച്ച അത് ഹൃദയ വേദനയാണ് ധീരജ് കൊല ചെയ്യപ്പെട്ടപ്പോള്‍ തോന്നിയത്.

ശക്തമായി കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുന്നുവെന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്. എന്നാല്‍ സിപിഎം ഒരു രക്തസാക്ഷിയെ ലഭിച്ച സന്തോഷത്തിലായിരുന്നു. ആദ്യ പ്രതികരണം നടത്തിയപ്പോള്‍ ചിരിച്ചുകൊണ്ടുവന്ന എംഎം മണിയും ചാനല്‍ പ്രതികരണത്തിനിടെ പൊട്ടിച്ചിരിച്ച സിപിഎം ജില്ലാ സെക്രട്ടറിയും വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെഗാ തിരുവാതിരയും അവരുടെ കാപട്യമാണ് വെളിപ്പെടുത്തിയിട്ടുള്ളത്.  

ധീരജിന്‍റെ കൊലപാതകത്തെ ഉപയോഗിച്ച് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും അധ്യക്ഷന്‍ കെ സുധാകരനെതിരേയും ആക്രമണം അഴിച്ചുവിടുകയാണ് സിപിഎം ഉദ്ദേശം. ഈ ഉദ്ദേശത്തോടെ അവര്‍ മുന്നോട്ട് പോകുമ്പോള്‍ ഇവരുടെ കപട രക്തസാക്ഷി സ്നേഹം  കേരളത്തിന്  തിരിച്ചറിവുകൾ നൽകുമെന്നാണ് കാസര്‍ഗോഡ് എംപി വിശദമാക്കുന്നത്. 


രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


കാപട്യമേ നിന്റെ പേരോ CPIM...?
ഹൃദയം നുറുങ്ങുന്ന വേദനയോടെ ആണ്  കഴിഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോയത്.കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പുരോഗമന സമൂഹത്തിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നതും അല്ല ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ. നിരവധിയായ എന്റെ പാർട്ടിയിലെ സഹപ്രവർത്തകന്മാർ മറ്റ് രാഷ്ട്രീയ എതിരാളികളാൽ അരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അനുഭവിച്ച ഹൃദയ വേദന തന്നെയാണ്, ഇടുക്കി എൻജിനീയറിങ് കോളേജിലെ ധീരജ് എന്ന വിദ്യാർത്ഥി കൊലചെയ്യപ്പെട്ടപ്പോൾ തോന്നിയത്. ശക്തമായി അതിൽ അപലപിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു രക്തസാക്ഷിയെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സിപിഐഎം  നേതാക്കൾ എന്ന് പറയാതിരിക്കാൻ വയ്യ. ആദ്യ പ്രതികരണത്തിനായി ചിരിച്ചു കൊണ്ടു മാധ്യമങ്ങളെ കാണാൻ വന്ന, എം എം മണിയും, ചാനൽ പ്രതികരണത്തിനിടയിൽ പൊട്ടിച്ചിരിച്ച സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയും, വിലാപ യാത്ര നടന്ന ദിവസം  തിരുവനന്തപുരത്ത് മെഗാ തിരുവാതിര അവതരിപ്പിച്ച ജനാധിപത്യ മഹിളാ അസോസിയേഷനും അവരുടെ കാപട്യം വെളിവാക്കിയിരിക്കുകയാണ്.
ധീരജിന്റെ ദാരുണമായ കൊലപാതകത്തെ  ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ ആകമാനം ആക്രമിക്കുക, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ കെ സുധാകരനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുക എന്നീ ഉദ്ദേശത്തോടുകൂടി മാത്രം അവർ മുന്നോട്ടു പോകുമ്പോൾ  ഇവരുടെ കപട രക്തസാക്ഷി സ്നേഹം കേരളത്തിന്  തിരിച്ചറിവുകൾ നൽകുകയാണ്. ഇവർ പണ്ടേ അങ്ങനെയാണ്  രക്തസാക്ഷികളോട് ലവലേശം ആത്മാർത്ഥതയും പ്രതിബദ്ധതയും ഇല്ലാത്തവരാണ്.പട്ടാമ്പി സംസ്കൃത കോളജിലെ എസ്എഫ്ഐയുടെ രക്തസാക്ഷിയായ സെയ്താലിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ശങ്കരനാരായണൻ എന്ന സംഘപരിവാറുകാരനെ ബാബു എം പാലിശ്ശേരി എന്ന പേരു നൽകി  അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിപ്പിച്ച്  നിയമസഭയിൽ  എത്തിച്ച പാരമ്പര്യം പേറുന്ന സിപിഐഎമ്മിന്  രക്തസാക്ഷികൾ എന്നും ഒരു ഉപകരണം മാത്രമാണ്. തങ്ങളുടെ പാർട്ടി വളർത്താൻ, മറ്റു പാർട്ടികളെ ആക്രമിക്കാൻ കേവലം ഒരു ഉപകരണം മാത്രം. അവരുടെ കാപട്യം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്