ഗൾഫ് യാത്ര നടന്നില്ല, വിവാഹം കഴിക്കാൻ സമ്മതം അറിയിച്ചു: രഖിൽ കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചു

By Web TeamFirst Published Jul 31, 2021, 7:40 AM IST
Highlights

കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല

കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചു. മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൻ ശ്രമിച്ചിരുന്നു. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.

രഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു.

രഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. രഖിൽ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അതേസമയം കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക.

നടുങ്ങി നാറാത്തും മേലൂരും

 ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂർ ഗ്രാമങ്ങൾ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു. രഖിൽ പിന്നീടും ബന്ധം തുടരാൻ നിർബന്ധിച്ചതോടെ പൊലീസ് ഇടപെട്ടാണ് കഴിഞ്ഞമാസം പ്രശ്നങ്ങൾ തീർത്തത്.

വൈകുന്നേരം ആറ്മണിയോടെയാണ് മകൾ കൊല്ലപ്പെട്ട വിവരം അച്ഛൻ മാധവനോടും അമ്മ സബീനയോടും വളപട്ടണം ഇൻസ്പെക്ടർ പറഞ്ഞത്. മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ കോതമംഗലത്തേക്ക് തിരിച്ചു. മാനസയുടെ വീടായ നാറാത്തും രഖിലിന്റെ വീടായ മേലൂരും തമ്മിൽ 25 കിലോമീറ്റർ ദൂരമുണ്ട്. 

ഇൻസ്റ്റഗ്രാമിലൂലെ പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലായി. ബന്ധം ഉലഞ്ഞ ശേഷവും രഖിൽ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. ഇതോടെ മാനസ അച്ഛനോട് വിവരങ്ങൾ പറഞ്ഞു. കുടുംബം കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പിപി സദാനന്ദന് പരാതി നൽകി. ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു. കേസെടുക്കേണ്ടെന്നും ഇനി പ്രശ്നങ്ങളുണ്ടാക്കില്ലെന്നും രഖിലിൽ നിന്ന് ഉറപ്പ് കിട്ടിയാൽ മതിയെന്നാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്. രഖിൽ സമ്മതിച്ചതോടെ ഇവർ രമ്യതയിൽ പിരിഞ്ഞു. മേലൂരിൽ ചെമ്മീൻ കൃഷി ചെയ്യുന്ന കുടുംബമാണ് രഖിലിന്റെത്. ഇന്റീയിൽ ഡിസൈൻ ചെയ്യുന്ന ഇയാൾക്ക് നാട്ടിൽ അധികം ബന്ധങ്ങളില്ല. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന പരിശോധന പൊലീസ് ആരംഭിച്ചു.

click me!