ആരെ തുണയ്ക്കും, ആരെ കൈ വെടിയും ? പാലാ പോരില്‍ നിര്‍ണായകമായി രാമപുരം പഞ്ചായത്ത്

By Web TeamFirst Published Sep 27, 2019, 7:31 AM IST
Highlights

പാലായില്‍ ജോസഫ് വിഭാഗത്തിന് ഏറ്റവും സ്വാധീനമുള്ളതും ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയര്‍ന്നതും രാമപുരത്താണ്. ഇന്ന് ആദ്യം എണ്ണുന്ന വോട്ടുകളും രാമപുരം പഞ്ചായത്തിലെയാണ്. 

കോട്ടയം:  പന്ത്രണ്ട് പഞ്ചായത്തുകളും പാലാ മുന്‍സിപ്പാലിറ്റിയും ചേരുന്നതാണ് പാലാ നിയോജകമണ്ഡലം. ഇതില്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. യുഡിഎഫും ബിജെപിയും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന രാമപുരത്ത് ഉണ്ടാവുന്ന അടിയൊഴുക്കുകള്‍ ഒരു പക്ഷേ പാലാ മണ്ഡലത്തിന്‍റെ വിധി നിര്‍ണയത്തിന്‍റെ സൂചന കൂടിയായിരിക്കും. 

കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും കാര്യമായ പിടിയുണ്ട്. കേരള കോണ്‍ഗ്രസില്‍ അഭ്യന്തരപ്രശ്നങ്ങളില്‍ ജോസഫ് വിഭാഗത്തിന്‍റെ പിന്തുണ ഒരുപക്ഷേ എല്‍ഡിഎഫിന് പോയാല്‍ അത് ഏറ്റവും ശക്തമായി പ്രതിഫലിക്കുക രാമപുരത്താവും എന്നാണ് കരുതുന്നത്.  

ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയര്‍ന്നതും രാമപുരം പഞ്ചായത്തിലാണ് എന്നതാണ് കൗതുകമേറ്റുന്ന മറ്റൊരു കാര്യം. രാമപുരം പഞ്ചായത്തിലെ ആദ്യത്തെ ബൂത്തില്‍ 834 വോട്ടര്‍മാരാണുള്ളത്. ഇവിടെ ഏത് മുന്നണി ലീഡ് പിടിക്കും, എത്ര വോട്ടുകളുടെ ലീഡ് പിടിക്കും  എന്നതെല്ലാം ഒരു പക്ഷേ ഉപതെരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള സൂചന കൂടിയായി മാറിയേക്കും. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യുഡിഎഫിന് നല്‍കിയത് എന്നാല്‍ 2016-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് രാമപുരത്ത് കിട്ടിയത് വെറും 180 വോട്ടിന്‍റെ ലീഡാണ്. 2011-ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മാണിയേക്കാല്‍ 179 വോട്ടുകളുടെ ലീഡ് മാണി സി കാപ്പാന്‍ രാമപുരത്ത് നേടിയിരുന്നു. 

രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞ ശേഷം കടനാട് പഞ്ചായത്തിലെ വോട്ടുകളെണ്ണി തുടങ്ങും തുടര്‍ന്ന് മൂന്നിലവ്, തലനാട്, തലപ്പാലം,മേലുകാവ്, ഭരണങ്ങാനം, കരൂര്‍, മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ 12 പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. 

പാലാ മുന്‍സിപ്പാലിറ്റിയിലെ വോട്ടുകള്‍ അവസാനഘട്ടത്തിലാവും എണ്ണുക. അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളിലെ വോട്ടുകളാവും എണ്ണുക. അ‍ഞ്ച് വിവിപാറ്റുകളിലെ ഫലം എണ്ണി നോക്കിയ ശേഷമേ ഔദ്യോഗികമായി വോട്ടെണ്ണല്‍ ആരംഭിക്കൂ. 

click me!