
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ നിന്ന് വിട്ടുനിന്ന സി പി എം തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സി പി എം നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. രാജ്യത്ത് ഫാസിസത്തിന് എതിരായ സി പി എമ്മിന്‍റെ പോരാട്ടത്തില്‍ ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ രാഹുലിന്‍റെ യാത്രയില്‍ പങ്കെടുക്കാന്‍ സി പി എം തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസിന്‍റെ കൈ പിടിക്കുന്ന സി പി എം ദേശീയ നേതൃത്വത്തിന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത് കേരളാഘടകത്തിന്‍റെ എതിര്‍പ്പ് കൊണ്ടാണെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ബി ജെ പിയും സംഘപരിവാറും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ രാജ്യത്ത് തീര്‍ത്ത മതിലുകള്‍ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞെന്നും സി പി എമ്മിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വെറും അധരവ്യായാമം മാത്രമാണെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങുകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി കാശ്മീരില്‍ പതാക ഉയര്‍ത്തിയ സമയത്ത് ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പതാക ഉയര്‍ത്തി. തുടര്‍ന്ന് നേതാക്കള്‍ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടത്തി. കൂടാതെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ 'ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം' പരിപാടികള്‍ സംഘടിപ്പിച്ചു.
കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ സ്വാഗതവും ഡി സി സി പ്രസിഡന്‍റ് പാലോട് രവി നന്ദിയും പറഞ്ഞു. കെ പി സി സി ഭാരവാഹികളായ എന്‍ ശക്തന്‍, ജി എസ് ബാബു ,ജി സുബോധന്‍ എന്നിവരും നേതാക്കളായ വി എസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, ചെറിയാന്‍ ഫിലിപ്പ്, എന്‍ പിതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍, ആറ്റിപ്ര അനില്‍, പന്തളം സുധാകരന്‍, ആര്‍ വി രാജേഷ്, രഘുചന്ദ്രബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam