
തിരുവനന്തപുരം: അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അമേരിക്കയിലെ ഷിക്കാഗോയിൽ എത്തിയതെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നുമാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. സംഘാടകരുടെ ചെലവിലാണ് അമേരിക്കൻ യാത്രയെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അമേരിക്കയിലെത്തിയ രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പ്രവാസികളും അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ളവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ വിദേശസന്ദർശനത്തിൽ ചിലർ ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചത്. തുടർന്നാണ് മന്ത്രി തന്നെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയത്.
''പ്രിയപ്പെട്ടവരെ ഞാനിപ്പോൾ ഷിക്കാഗോയിലാണ്. ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഞാനും ഭാര്യയും ഇവിടെ എത്തിയിരിക്കുന്നത്. ഞാൻ കോട്ടയത്ത് എംപിയായിരിക്കുന്ന കാലംമുതലുള്ള ബന്ധമാണ് അവരോട് എനിക്കുള്ളത്. ഏതാണ്ട് മൂന്നരപതിറ്റാണ്ട് കാലത്തെ ബന്ധം. അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിനായി ഞാനിവിടെ വന്നപ്പോൾ സ്വാഭാവികമായും പ്രവാസി മലയാളികളായ സുഹൃത്തുക്കളുമായി സംസാരിക്കും. അവരുടെ പരിപാടികളിൽ പങ്കെടുക്കും. ഐഒസിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവരുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഷിക്കാഗോയിലെ സോഷ്യൽക്ലബിന്റെ പരിപാടിയിൽ പങ്കെടുത്തു. അതിനിടെയിലാണ് ലോകമെമ്പാടും അറിയപ്പെടുന്ന, ഇന്ത്യയ്ക്കേറ്റവും പ്രിയങ്കരനായ, ടെലികോം വിപ്ലവത്തിന് നേതൃത്വം കൊടുത്ത സാം പിത്രോദയുടെ വീട്ടിൽപോയത്. എന്നോടൊപ്പം മോൻസ് ജോസഫ്, ജോസ് കെ.മാണി, പന്തളം സുധാകരൻ, അൻവർ സാദത്ത് എന്നിവരുണ്ടായിരുന്നു. ഈ കല്യാണത്തിന് പങ്കെടുക്കാൻ വന്ന രാഷ്ട്രീയനേതാക്കളായ സുഹൃത്തുക്കൾക്കൊപ്പമാണ് സാം പിത്രോദയെ കാണാൻ പോയത്. വാസ്തവത്തിൽ സാം പിത്രോദയുടെ വാക്കുകൾ യാഥാർഥ്യമാക്കാൻ ഒരു ജനപ്രതിനിധി എന്നനിലയിൽ ശ്രമിക്കണമെന്നതായിരുന്നു എന്റെ മനസിൽ അപ്പോൾകടന്നുവന്ന ചിന്തകൾ. തീർച്ചയായും അവരെപ്പോലെയുള്ള വലിയ ആളുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്. ഞാൻ നാളെ തിരികെവരും. പിന്നെ സർക്കാർ ചെലവിൽ അല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam