കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി. മാധ്യമങ്ങളെയും സോഷ്യൽമീഡിയയെയും അകറ്റി നിർത്താൻ ജെജെബി നൽകിയ മാർഗനിർദ്ദേശങ്ങൾ പര്യാപ്തമെന്നും കോടതി വിലയിരുത്തി.
ആലപ്പുഴ: കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ കുട്ടികളെ തെളിവെടുപ്പ് നടത്താൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി. മാധ്യമങ്ങളെയും സോഷ്യൽമീഡിയയെയും അകറ്റി നിർത്താൻ ജെജെബി നൽകിയ മാർഗനിർദ്ദേശങ്ങൾ പര്യാപ്തമെന്നും കോടതി വിലയിരുത്തി.
ആഗസ്റ്റ് 17നാണ് ആലപ്പുഴ കരുവാറ്റയിൽ 65കാരനെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മൂന്ന് ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. പെൺകുട്ടിയെ കോഴിക്കോട് സാമൂഹിക ക്ഷേമ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

